ദുബൈ സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള പരിപാടിയായ ഏക്‌സ്‌പോ 2020ലേക്ക് കോഓപ്പറേറ്റീവ് പ്രതിദിന ട്രിപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഒരു മാസക്കാലത്തിലേറെയുണ്ടാകുമെന്നും യൂണിയന്‍ കോപ് മാനവവിഭവശേഷി, സ്വദേശിവത്കരണ ഡയറക്ടര്‍ അഹ്മദ് ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു. എക്‌സ്‌പോ വിഭാഗവുമായി സഹകരിച്ച് ജീവനക്കാര്‍ക്കായി സൗജന്യ പ്രവേശന പാസുകള്‍ കോഓപ്പറേറ്റീവ് നല്‍കുന്നു.

ദുബൈ: യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop)എക്‌സ്‌പോ 2020 ദുബൈ(Expo 2020 Dubai) സൗജന്യമായി സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി. ഇതിലൂടെ 2,060 യൂണിയന്‍ കോപ് ജീവനക്കാര്‍ക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്ന സുപ്രധാന ദേശീയ, അന്താരാഷ്ട്ര സാംസ്‌കാരിക- സാമ്പത്തിക മേളയില്‍ പങ്കെടുക്കാനായി. 

യൂണിയന്‍ കോപ് ഒരുക്കിയ സൗജന്യ ടൂറില്‍, എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെയും പവലിയനുകള്‍ സന്ദര്‍ശിച്ച് അവരുടെ സാങ്കേതിക ഉള്ളടക്കങ്ങള്‍ മനസ്സിലാക്കാനും ഭാവി ലക്ഷ്യങ്ങളും പല മേഖലകളിലെ നേട്ടങ്ങളും അറിയാനുള്ള അവസരമാണ് ഒരുക്കിയത്. വിവിധ പവലിയനുകളിലെത്തിയ ജീവനക്കാര്‍ക്ക് ആ രാജ്യങ്ങളുടെ സംസ്‌കാരം, വളര്‍ച്ച എന്നിവയുടെ ചുരുക്കം മനസ്സിലാക്കാനും സാധിച്ചു. കൂടാതെ വിവിധ സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലും മറ്റ് രംഗങ്ങളിലും അവരുടെ പദ്ധതികളും സംരംഭങ്ങളും അറിയാനുള്ള അവസരവുമായിരുന്നു ഇത്.

യുഎഇയുടെ നവീനമായ പവലിയനും ജീവനക്കാര്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ രൂപീകരണം മുതല്‍ ഇതുവരെയുള്ള വളര്‍ച്ച, എല്ലാ മേഖലകളിലെയും വികസനം എന്നിവ അടുത്തറിയാന്‍ ഇതിലൂടെ സാധിച്ചു. അറബ്, വിദേശ പവലിയനുകള്‍ സന്ദര്‍ശിച്ചതിലൂടെ ആ രാജ്യങ്ങളുടെ ചരിത്രം, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, സാങ്കേതിക മികവ്, കണ്ടുപിടിത്തങ്ങള്‍, സ്മാര്‍ട്ട് പ്രൊജക്ടുകള്‍ എന്നിവ മനസ്സിലാക്കാനായി.

ദുബൈ സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള പരിപാടിയായ ഏക്‌സ്‌പോ 2020ലേക്ക് കോഓപ്പറേറ്റീവ് പ്രതിദിന ട്രിപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഒരു മാസക്കാലത്തിലേറെയുണ്ടാകുമെന്നും യൂണിയന്‍ കോപ് മാനവവിഭവശേഷി, സ്വദേശിവത്കരണ ഡയറക്ടര്‍ അഹ്മദ് ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു. എക്‌സ്‌പോ വിഭാഗവുമായി സഹകരിച്ച് ജീവനക്കാര്‍ക്കായി സൗജന്യ പ്രവേശന പാസുകള്‍ കോഓപ്പറേറ്റീവ് നല്‍കുന്നു. 2060 യൂണിയന്‍ കോപ് ജീവനക്കാര്‍ക്കാണ് 'ഹയ്യകും' പദ്ധതിയിലൂടെ യുഎഇയുടെയും വിവിധ രാജ്യങ്ങളുടെയും ചരിത്രവും സംസ്‌കാരവും അടുത്തറിയാനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സ്‌പോ 2020 സന്ദര്‍ശിച്ച ജീവനക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി സൗജന്യ ഗതാഗത സൗകര്യം, ഭക്ഷണം എന്നിവ ഒരുക്കുകയും പല രാജ്യങ്ങളുടെ സാങ്കേതിക കാര്യങ്ങളും സംസ്‌കാരവും നേട്ടങ്ങളും വിവരിക്കുന്നതിനായി സൂപ്പര്‍വൈസര്‍മാരും ജീവനക്കാര്‍ക്കൊപ്പം എക്‌സ്‌പോ സന്ദര്‍ശിച്ചതായി അദ്ദേഹം വ്യക്തമാക്കി.