'മൈ ബുക്ക് ഈസ് യുവര്‍ ബുക്ക്'; യൂണിയന്‍ കോപിന്റെ പുസ്തക ദാന പരിപാടി സമാപിച്ചു
10,675ല്‍ അധികം പുസ്‍തകങ്ങള്‍ അവസാന ഘട്ടത്തില്‍ ശേഖരിച്ചു
ദുബൈ: 'മൈ ബുക്ക് ഈസ് യുവര്‍ ബുക്ക്' എന്ന പേരില്‍ യൂണിയന്‍ കോപ് നടത്തിവന്ന പുസ്‍തക ദാന പരിപാടി സമാപിച്ചതായി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി അറിയിച്ചു. 10,675 പഴയ പുസ്‍തകങ്ങള്‍ ശേഖരിച്ച് ജുമ അല്‍ മാജിദ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജിന് കൈമാറി.
2022 ഓഗസ്റ്റില്‍ ആരംഭിച്ച് രണ്ട് മാസം നീണ്ടുനിന്ന പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. യൂണിയന്‍ കോപിന് കീഴിലുള്ള അല്‍ ബര്‍ഷ മാള്‍, അല്‍ ബര്‍ഷ സൗത്ത് മാള്‍, അല്‍ വര്‍ഖ മാള്‍, ഇത്തിഹാദ് മാള്‍ എന്നീ കൊമേഴ്‍സ്യല്‍ സെന്ററുകളില്‍ പ്രത്യേക ബോക്സുകള്‍ സ്ഥാപിച്ചിരുന്നു. സന്ദര്‍ശകരും ഉപഭോക്താക്കളുമായ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലായിരുന്നു ഈ ബോക്സുകളുടെ സ്ഥാനം. അതുകൊണ്ടുതന്നെ സാമൂഹിക പ്രധാന്യം മുന്‍നിര്‍ത്തിയുള്ള പരിപാടിയിലേക്ക് സംഭാവന ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്‍തു.
"യൂണിയന്‍ കോപിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച ഉത്തരമൊരു ഉദ്യമം അതിന്റെ വ്യതിരിക്തത കൊണ്ടും മഹത്തായ ലക്ഷ്യം കാരണമായും വലിയ ജനശ്രദ്ധ നേടി. ഇതിനെല്ലാം പുറമെ എല്ലാവരെയും പ്രത്യേകിച്ച് യുവാക്കളെ കൂടുതല്‍ വായിക്കാനും വായിച്ച ശേഷം പുസ്‍തകങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സംഭാവന ചെയ്യാനും പ്രോത്സാഹിപ്പിച്ചു. അതുവഴി പുസ്‍തങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്ക് അതൊരു വലിയ സഹായമായി മാറി" - അല്‍ ബസ്‍തകി പറഞ്ഞു.
പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിച്ച യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരെ ജുമാ അല്‍ മാജിദ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജ് ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് കമാല്‍ ഗാദ് സ്വീകരിച്ചു. സമൂഹത്തിലെ വിവിധ സംഘങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും സന്തോഷിപ്പിക്കാനായി യൂണിയന്‍ കോപ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സ്ഥാപനത്തിന് പ്രശംസാപത്രം സമ്മാനിച്ചു. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും വായനാശീലം വളര്‍ത്താനും പുസ്തകങ്ങള്‍ സംഭാവന ചെയ്യാനും സഹായിക്കുന്ന ഇത്തരം പരിപാടികളുടെ പ്രധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അതിലൂടെ പുസ്‍തങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അവയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും.