153 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് പെട്ടെന്ന് തന്നെ തിരിച്ചിറക്കിയത്.
ഡെന്‍വര്‍: ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം വൈകാതെ തിരിച്ചിറക്കി. ഡെന്‍വറില്‍ നിന്ന് കാനഡയിലെ എഡ്മൊണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്‍റെ ഒരു എഞ്ചിനില്‍ തീപിടിച്ചതാണ് അടിയന്തര ലാന്‍ഡിങിന് കാരണം.
ഞായറാഴ്ച, വിമാനം എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് സംഭവം. വിമാനത്തിന്‍റെ എഞ്ചിനില്‍ മൃഗം കുടുങ്ങിയതാണ് തീപടരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മുയലാണ് എഞ്ചിനില്‍ കുടുങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തിന്‍റെ വലത് എഞ്ചിനിലാണ് തീപിടിച്ചത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 2325 വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
Read Also - ഡോക്ടർ 7000 കിലോമീറ്റർ അകലെ, വൃക്ക, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച അഞ്ച് രോഗികൾക്ക് റോബോട്ടിക് ശസ്ത്രക്രിയ
153 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
