സിബിഎസ്ഇ ബാസ്കറ്റ്ബോളിന്‍റെ ചരിത്രത്തിൽ ആദ്യമായി പതിനാല് വയസ്സിന് താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടുന്ന ആദ്യ കുവൈത്ത് ടീം ആയി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ. 

കുവൈത്ത് സിറ്റി: സിബിഎസ്ഇ ബാസ്കറ്റ്ബോളിന്‍റെ ചരിത്രത്തിൽ ആദ്യമായി പതിനാല് വയസ്സിന് താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കയറുന്ന ആദ്യ കുവൈത്ത് ടീമെന്ന ബഹുമതി ഇനി യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സ്വന്തം. ലോകമെമ്പാടുമുള്ള 30000ത്തോളം സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ടീമുകളാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ കുവൈത്തിനെ ഈ വർഷം പ്രതിനിധീകരിച്ചത് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആണ്.

ചതിസ്ഗാറിലെ ഡൽഹി പബ്ലിക് സ്കൂൾ രാജ്നന്ദ്ഗാവിൽ ഒക്ടോബർ 5 മുതൽ ആരംഭിച്ച സിബിഎസ്ഇ ദേശീയ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരടങ്ങുന്ന ഏറ്റവും കഠിനമായ എ പൂളിലായിരുന്നെങ്കിലും ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യയിലെ ആദ്യ എട്ടു ടീമുകളുടെ മത്സരങ്ങളിലേക്ക് കടന്നത്. ശക്തരായ ഒമാൻ ടീമിനെതിരെ 15 പോയിന്‍റുകള്‍ക്ക് പിന്നിട്ടു നിന്നതിനുശേഷം അവസാന നിമിഷത്തിലെ കുതിച്ചു ചാട്ടത്തിലൂടെ 39-37 ന് മത്സരം കൈപ്പിടിയിലാക്കുമ്പോള്‍ ചതിസ്ഗാറിലെ ബാസ്കറ്റ്ബോൾ പ്രേമികൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കുട്ടികൾ ഒരു ബാസ്കറ്റ്ബോൾ വിരുന്നുതന്നെയായി മാറി. കോച്ച് സന്ദേശ് ഹരിയുടെ തന്ദ്രങ്ങളും ക്യാപ്റ്റൻ ധീരജ് ദിലീപ്, ദക്ഷിൻ, ജോഹാൻ, ഹരിഹരൻ , ബ്രയാൻ, ഡിയോൻ, സിയാൻ, ഡരോൺ എന്നിവരുടെ മികച്ച പ്രകടനം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.