ആഗോളതലത്തില്‍ അന്താരാഷ്ട്ര കാഴ്ചപ്പാട് സൂചികയിൽ മൂന്നാം സ്ഥാനത്താണ് ഷാര്‍ജ യൂണിവേഴ്സിറ്റി. ഗവേഷണ നിലവാരത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിക്കൊണ്ട് യൂണിവേഴ്സിറ്റി ലോകമെമ്പാടും 47-ാം സ്ഥാനത്തേക്ക് ഉയർന്നു.
ഷാര്‍ജ: 2026-ലെ ടൈംസ് ഹയർ എജ്യുക്കേഷൻ ലോക യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഗവേഷണ നിലവാരത്തിലും അന്താരാഷ്ട്ര കാഴ്ചപ്പാടുകളിലും ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി ഷാർജ യൂണിവേഴ്സിറ്റി. ആഗോളതലത്തിൽ അന്താരാഷ്ട്ര കാഴ്ചപ്പാട് സൂചികയിൽ മൂന്നാം സ്ഥാനത്താണ് യൂണിവേഴ്സിറ്റി ഇടംപിടിച്ചിരിക്കുന്നത്. ഗവേഷണ നിലവാരത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിക്കൊണ്ട് യൂണിവേഴ്സിറ്റി ലോകമെമ്പാടും 47-ാം സ്ഥാനത്തേക്ക് ഉയർന്നു.
ലോകത്തിലെ മികച്ച 350 യൂണിവേഴ്സിറ്റികൾക്കിടയിലെ സ്ഥാനം നിലനിർത്താൻ ഷാർജ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞു. ഇത് ഒരു പ്രമുഖ പ്രാദേശിക, അന്താരാഷ്ട്ര അക്കാദമിക സ്ഥാപനം എന്ന നിലയിലുള്ള യൂണിവേഴ്സിറ്റിയുടെ ഖ്യാതി വർധിപ്പിക്കുന്നു. ഈ നേട്ടത്തിൽ യൂനിവേഴ്സിറ്റി പ്രസിഡന്റും ഷാർജ ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിക്ക് അഭിനന്ദനമറിയിച്ച യൂനിവേഴ്സിറ്റി ചാൻസലർ പ്രഫ. എസാമൽദീൻ അഗാമി, കലാലയത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയും ഉൾക്കൊള്ളലിനെയുമാണ് നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമുള്ളതിനാൽ സർവകലാശാല ഊർജസ്വലമായ ബൗദ്ധികവും സാംസ്കാരികവുമായ അന്തരീക്ഷം വളർത്തിയെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.


