ദുബായ്: വിവിധ ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍ വരുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെയാണ് ഏഴാമത് സൂപ്പര്‍ സെയില്‍ നടക്കുന്നത്. ഫാഷന്‍, ബ്യൂട്ടി, ഗോള്‍ഡ്, ഹോം, ഇലക്ട്രോണിക്സ്, ജ്വല്ലറി ഉത്പന്നങ്ങള്‍ക്കാണ് പ്രധാനമായും വിലക്കുറവ് ലഭിക്കുന്നത്.

മാളുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ ഔട്ട്‍ലെറ്റുകളിലായി നടക്കുന്ന സൂപ്പര്‍ സെയിലില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡുകളാണ് ലഭ്യമാവുന്നത്. വമ്പന്‍ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് സിഇഒ അഹ്‍മദ് അല്‍ ഖാജ പറഞ്ഞു. കടകളിലെ ഡിസ്കൗണ്ടിന് പുറമെ ബാങ്കുകളും പേയ്മെന്റ് വാലറ്റുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.