അബുദാബി: അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്‍ധമാകാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്‍ക്ക് ഒരു മണി വരെ ഈ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് പലഭാഗത്തും ശക്തമായ പൊടിക്കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. കാഴ്‍ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കും. കാറ്റിന്റെ പരമാവധി വേഗത 40 കിലോമീറ്ററായും ഉയര്‍ന്നേക്കും.