2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി. ഖത്തറിന് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

കുവൈത്ത്: 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അമേരിക്കയുടെ അനുമതി. 2.5 ബില്യൺ ഡോളർ വിലവരുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റം വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വെള്ളിയാഴ്ചയാണ് അനുമതി നൽകിയത്.

അതോടൊപ്പം ഖത്തറിന് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. യുഎഇയ്ക്ക് 147.6 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽപ്പനക്കും അംഗീകാരം നൽകി. ഈ കരാറുകൾ അമേരിക്കയുടെ വിദേശ നയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിനായാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് കോൺഗ്രസിനെ അറിയിച്ചു.

യുഎസ് യുദ്ധക്കപ്പൽ ഇൻഡോ-പസഫിക് മേഖലയിൽ നടുക്കടലിൽ നിശ്ചലമായി

ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം നടുക്കടലിൽ നിശ്ചലമായി. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഹിഗ്ഗിൻസിനാണ് സാങ്കേതിക തടസം നേരിട്ടത്. വൈദ്യുത സംവിധാനത്തിലുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ കുടുങ്ങിയതാണെന്നാണ് വിശദീകരണം. കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും, 1999-ൽ കമ്മീഷൻ ചെയ്ത കപ്പലിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും കമാന്റർ മാത്യു കോമർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. കപ്പലിന്റെ എൻജിൻ പ്രവർത്തനവും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും നിലച്ചതോടെ ഏകദേശം മുന്നൂറോളം വരുന്ന നാവികർ മണിക്കൂറുകളോളം സുരക്ഷാ ഭീഷണിയിലായെന്ന് പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി.