Asianet News MalayalamAsianet News Malayalam

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

മദ്ധ്യപൂര്‍വ ദേശത്തെ സൈനിക നീക്കങ്ങളും രാഷ്ട്രീയ സമ്മര്‍ദവും സിവില്‍ വ്യോമയാന സര്‍വീസുകള്‍ക്ക് ഭീഷണിയായതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ അറിയിച്ചു. 

US civil flights banned over Gulf
Author
Washington D.C., First Published Jan 8, 2020, 11:11 AM IST

വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ വ്യോമ പാത എന്നിവിടങ്ങളിലൂടെയുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെയ്ക്കാനാണ് അമേരിക്കന്‍ എയര്‍ലൈനുകള്‍ക്ക് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കിയത്.

ഒരു ഡസനിലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടത്. മദ്ധ്യപൂര്‍വ ദേശത്തെ സൈനിക നീക്കങ്ങളും രാഷ്ട്രീയ സമ്മര്‍ദവും സിവില്‍ വ്യോമയാന സര്‍വീസുകള്‍ക്ക് ഭീഷണിയായതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ ഇറാന്റെയും ഇറാഖിന്റെയും വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം അമേരിക്ക ഈ വ്യോമപാത ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതോടെ മറ്റ് രാജ്യങ്ങളുടെ വ്യോമയാന നിയന്ത്രണ അതോരിറ്റികളും ഇത്തരമൊരു നിര്‍ദേശം നല്‍കുന്നകാര്യം പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഇറാഖിന്റെ വ്യോമ പാതയിലൂടെ 26,000 അടിക്ക് മുകളില്‍ മാത്രമേ പറക്കാവൂ എന്നും ഇറാന്റെ വ്യോമപാത ഉപയോഗിക്കരുതെന്നും അമേരിക്ക നേരത്തെ തന്നെ തങ്ങളുടെ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്. ഇറാന്റെ വ്യോമപാത ഉപയോഗിക്കുകയില്ലെന്ന് സിംഗപ്പൂര്‍ എയര്‍‍ലൈന്‍സും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios