കപ്പലുകള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് സഹായത്തിനെത്തിയ അമേരിക്കന്‍ വിമാനങ്ങള്‍ പകര്‍ത്തിയതെന്ന അവകാശപ്പെടുന്ന വീഡിയോ ദൃശ്യം വെള്ളിയാഴ്ച രാവിലെയാണ് അമേരിക്കന്‍ നാവിക സേന പുറത്തുവിട്ടത്.
ദുബായ്: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ഇതിന്റെ തെളിവായി ഒരു വീഡിയോ ദൃശ്യവും അമേരിക്കന്‍ നാവിക സേന പുറത്തുവിട്ടു. അതേസമയം യാതൊരു തെളിവുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഇറാന്‍ പ്രതികരിച്ചു.
കപ്പലുകള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് സഹായത്തിനെത്തിയ അമേരിക്കന്‍ വിമാനങ്ങള്‍ പകര്‍ത്തിയതെന്ന അവകാശപ്പെടുന്ന വീഡിയോ ദൃശ്യം വെള്ളിയാഴ്ച രാവിലെയാണ് അമേരിക്കന്‍ നാവിക സേന പുറത്തുവിട്ടത്. ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് ചിലര്‍ സ്ഫോടക വസ്തുക്കള്‍ മറ്റൊരു ബോട്ടിലേക്ക് മാറ്റുന്ന ബ്ലാക് ആന്റ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഫോടനത്തില്‍ തകരാത്ത മൈനുകള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ എടുത്തുമാറ്റുകയായിരുന്നുവെന്നും തെളിവുകള്‍ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. ഒരു പട്രോള്‍ ബോട്ട് കപ്പലിനടുത്തേക്ക് വരുന്നതും ഇതിലേക്ക് സാധനങ്ങള്‍ മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം ആക്രമണത്തിന് പിന്നാല്‍ തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം ഇറാന്‍ നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും അമേരിക്കയുടെ ഇറാനോഫോബിക് ക്യാമ്പയിന്റെ ഭാഗമാണിതെന്നും ഇറാന്‍ പ്രതികരിച്ചു. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കപ്പലുകള്‍ ഉടമസ്ഥരായ കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഒമാന്‍ ഉള്‍ക്കടലില്‍ തായ്‍വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെ പ്രാദേശിക സമയം രാവിലെ ആറിനും ഏഴുമണിക്കുമിടയിലാണ് ആക്രമണം നടന്നത്. രണ്ടു കപ്പലുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട്, അമേരിക്കയുടെ മദ്ധ്യപൗരസ്ത്യ ദേശത്തെ നാവികസേനാ കപ്പലുകളിലേക്ക് സന്ദേശം ലഭിച്ചതായി അമേരിക്ക കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കൊക്കുവ കറേജ്യസ് എന്ന കപ്പലിലുണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്സ് എന്ന കപ്പലാണ് ഇവര്‍ക്ക് സഹായവുമായെത്തിയത്.
