അബുദാബി: യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി. വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തില്‍ ജൂലൈ മൂന്ന് മുതല്‍ യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്കാണ് ഇന്ത്യന്‍ എംബസിയുടെ അനുമതിയില്ലാതെ നാട്ടിലെത്താന്‍ സാധിക്കുക.

എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ഓഫീസുകള്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആദ്യം ടിക്കറ്റ് നല്‍കുക. ജൂലൈ മൂന്ന് മുതല്‍ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.  

എയര്‍ ഇന്ത്യയുടെ അബുദാബി, ദുബായ്, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.