ദില്ലി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗ‌ൾഫ് മേഖലയിൽ നിന്നടക്കം ഇന്ന് 10 വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും. ലണ്ടൻ, തെക്കൻ കൊറിയ, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ സർവീസുകൾ. കേരളത്തിലേക്ക് യുഎഇയിൽ നിന്ന് ഉൾപ്പെടെ രണ്ട് വിമാനങ്ങൾ എത്തും. ഇതിനിടെ സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്നിടത്ത് 1,703 റിയാൽ ഇനി യാത്രക്കാര്‍ നൽകേണ്ടിവരും.

വന്ദേഭാരത് മൂന്നാം ഘട്ടത്തിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. യുഎസ്എ, കാനഡ, യുകെ, യൂറോപ്പിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 വിമാന സര്‍വ്വീസുകളിലേക്കാണ് ബുക്കിങ്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ 22000 സീറ്റുകള്‍ ബുക്ക് ചെയ്‌തിരുന്നു.

Read more: കണക്കുകളില്‍ വിറച്ച് ലോകം; നാലുലക്ഷം കടന്ന് കൊവിഡ് മരണം, രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക്

കൂടാതെ, ഒമാനിൽ നിന്ന് രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ ശനിയാഴ്‌ച കേരളത്തില്‍ എത്തിയിരുന്നു. മസ്കറ്റിൽ കുടുങ്ങിക്കിടന്നിരുന്ന 360 പ്രവാസികളാണ് കോഴിക്കോട്ട് മടങ്ങിയെത്തിയത്. മസ്കറ്റ് കെഎംസിസിയും ഐസിഎഫും ആയിരുന്നു ഒമാനിൽ നിന്ന് ആദ്യമായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിരുന്നത്. അതേസമയം, കോർപറേറ്റ് കമ്പനികൾക്ക് കേരളത്തിലേക്ക് അനുവദിച്ച ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യ സർവീസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിനായിരുന്നു. ആദ്യ വിമാനത്തില്‍ 171 പേര്‍ കോഴിക്കോട്ടെത്തി.

Read more: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; കനത്ത ജാഗ്രത