ബിഷ(സൗദി): വന്‍ അപകടത്തില്‍  നിന്നും ഞൊടിയിടയില്‍ രക്ഷപ്പെട്ട് യുവാവ്. സൗദി അറേബ്യയിലെ ഒരു കാര്‍ വാഷ് കേന്ദ്രത്തില്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കാര്‍ വാഷ് കേന്ദ്രത്തില്‍ ചുവരിന് സമീപം കസേരയില്‍ ഇരിക്കുകയായിരുന്നു യുവാവ്. യുവാവ് ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു കാര്‍ റിവേഴ്‌സ് എടുത്ത് വരികയായിരുന്നു. ഇയാള്‍ അവിടെ നിന്ന് എഴുന്നേറ്റ് മാറി, സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാര്‍ നിയന്ത്രണം വിട്ട് യുവാവ് ഇരുന്നതിന് സമീപത്തെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഞൊടിയിടയുടെ വ്യത്യാസത്തില്‍ അപകടത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാം.

സൗദിയിലെ അസിര്‍ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം ഉണ്ടായതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. തന്റെ കാര്‍ കഴുകി കിട്ടുന്നതും കാത്ത് ഇരിക്കുകയായിരുന്നെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ദൈവത്തിനോട് നന്ദി പറയുന്നതായും സ്വദേശി യുവാവ് പറഞ്ഞു. കാര്‍ ഓടിക്കുന്നയാള്‍ക്ക് വാഹനത്തിന്മേല്‍ പൂര്‍ണ നിയന്ത്രണമില്ലെന്ന് മനസ്സിലായപ്പോള്‍ പന്തികേട് തോന്നി അവിടെ നിന്നും മാറിയിരിക്കുകയായിരുന്നെന്ന് രക്ഷപ്പെട്ട യുവാവ് കൂട്ടിച്ചേര്‍ത്തു. എന്തായാലും അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ തീരുമാനത്തിലൂടെ വലിയൊരു അപകടമാണ് ഒഴിവായത്.