അബുദാബി: കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുമ്പ് വാസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയൊന്നുമില്ലാതെ രാജ്യം വിടാമെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി അറിയിച്ചു. ഇത്തരക്കാര്‍ക്കായി മേയ് 18ന് തുടങ്ങിയ പൊതുമാപ്പ് ഓഗസ്റ്റ് 18 വരെ നീണ്ടുനില്‍ക്കും. ഇതിനിടയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാവുന്ന നിയമലംഘകര്‍ക്ക് എല്ലാ പിഴകളും ഇളവ് ചെയ്ത് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് ഒന്നിന് മുമ്പ് കാലാവധി അവസാനിച്ച റെസിഡന്റ്, ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അതേസമയം കൊവിഡ് കാലത്ത്, വിസയുടെയോ മറ്റ് രേഖകളുടെയോ കാലാവധി അവസാനിച്ച താമസ വിസക്കാര്‍ക്ക് അവയുടെ കാലാവധി ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വിസിറ്റ്, ടൂറിസ്റ്റ് വിസക്കാര്‍ക്കും പിഴയൊന്നുമില്ലാതെ ഡിസംബര്‍ 31 വരെ യുഎഇയില്‍ തുടരാം.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ യുഎഇയിലേക്ക് തിരികെ വരുന്നതിന് തടസമുണ്ടാവില്ല. കാലാവധിയുള്ള പാസ്‍പോര്‍ട്ടും രാജ്യം വിടാനുള്ള ടിക്കറ്റുമാണ് ആവശ്യം. നേരത്തെയുള്ള പൊതുമാപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രാജ്യം വിടാനാഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് വിമാനത്താവളത്തിലെത്താം. കാലാവധി കഴിഞ്ഞ വിസിറ്റ്, ടൂറിസ്റ്റ് വിസക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണം.

ദുബായ് വിമാനത്താവളം വഴി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന നിയമലംഘകര്‍ ടെര്‍മിനലിലെ എമിഗ്രേഷന്‍ സെന്ററില്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കണം. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി പോകുന്നവര്‍ പുറപ്പെടുന്ന സമയത്തിന് ആറ് മണിക്കൂറിന് മുമ്പ് എത്തിയാല്‍ മതി. നിയമലംഘകരായ ആശ്രിതര്‍ ഒപ്പമുള്ളവര്‍ എല്ലാവരും ഒരേസമയത്ത് തന്നെ എത്തണം. ഭിന്നശേഷിക്കാരെയും 15 വയസിന് താഴെയുള്ള കുട്ടികളെയും വിമാനത്താവളത്തിലെ പൊതുമാപ്പ് നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 800 453 എന്ന നമ്പറില്‍ വിളിക്കാം.