വിപഞ്ചികയുടെ സഹോദരന്‍ വിനോദ് ആദ്യമായാണ് വൈഭവിയെ നേരിട്ട് കാണുന്നത്. കാനഡയില്‍ താമസിക്കുന്ന അദ്ദേഹം ഇതുവരെ കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നില്ല.
ദുബൈ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയെ വിപഞ്ചികയുടെ സഹോദരൻ വിനോദ് കണ്ടത് ആദ്യമായും അവസാനമായും. വിപഞ്ചികയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് വിപഞ്ചികയുടെ അമ്മയും കാനഡയിൽ താമസിക്കുന്ന സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയത്. വിനോദ് ആദ്യമായാണ് വൈഭവിയെ നേരിട്ട് കാണുന്നത്. എന്നാല്‍ അത് ആ പിഞ്ചുകുഞ്ഞിന്‍റെ അന്ത്യയാത്രയിലാണെന്നത് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരെയും കണ്ണീരിലാഴ്ത്തി. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് സാധ്യത. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വൈഭവിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്. രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണുണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് നിതീഷ് തന്നെയായിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യമായിരുന്നു. ഷാര്‍ജയില്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഇനി തിങ്കളാഴ്ചയാകും വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുക. മൃതദേഹത്തെ വിപഞ്ചികയുടെ കുടുംബം അനുഗമിക്കും.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം.
