ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ദുബൈയിലെ പച്ചപ്പിലൂടെ സ്വൈര്യവിഹാരം നടത്തുന്ന മൂന്ന് ല്ലാമകളുടെ മനോഹരമായ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.  

ദുബൈ: ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബൈയിലെ പച്ചപ്പിലൂടെ സ്വൈര്യവിഹാരം നടത്തുന്ന ല്ലാമകളുടെ മനോഹരമായ ദൃശ്യങ്ങളാണ് അദ്ദേഹം തന്‍റെ സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

ഒരു പുൽമേടിലൂടെ മൂന്ന് ല്ലാമകൾ ഉലാത്തുന്നതാണ് വീഡിയോയിലുള്ളത്. രണ്ട് വെള്ള ല്ലാമകളും അവയ്‌ക്കൊപ്പം കഴുത്തിലും മുഖത്തും വെളുത്ത അടയാളങ്ങളുള്ള തവിട്ടുനിറത്തിലുള്ള ഒരു കുട്ടി ല്ലാമയുമാണ് ദൃശ്യങ്ങളിലുള്ളത്. ക്യാമറ കണ്ടപ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്ന ല്ലാമകളുടെ ഭാവങ്ങളാണ് വീഡിയോയെ കൂടുതൽ ആകർഷകമാക്കുന്നത്. ദൂരെയുള്ള ബുർജ് ഖലീഫയുടെ കാഴ്ചയും ആകാശത്തെ വെളുത്ത മേഘങ്ങളും വീഡിയോയ്ക്ക് പശ്ചാത്തലമാകുന്നു.

പശ്ചാത്തല സംഗീതത്തിൽ 'ലേസി സോങ്'

ബ്രൂണോ മാഴ്സിന്റെ പ്രശസ്തമായ "ദി ലേസി സോങ്" (The Lazy Song) എന്ന ഗാനമാണ് വീഡിയോയ്ക്ക് ശൈഖ് ഹംദാൻ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്. "ഇന്ന് ഞാൻ ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല" എന്ന അർത്ഥം വരുന്ന വരികൾ ല്ലാമകളുടെ അലസവും ശാന്തവുമായ നടത്തത്തിന് ഏറ്റവും അനുയോജ്യമായി.

അറബിക് നാടുകളിൽ ഒട്ടകങ്ങൾ സർവ്വസാധാരണമാണെങ്കിലും തെക്കേ അമേരിക്കൻ സ്വദേശികളായ ല്ലാമകൾ യുഎഇയിൽ ഒരു അപൂർവ്വ കാഴ്ചയാണ്. പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ ഉയർന്ന മലനിരകളിൽ കാണപ്പെടുന്ന ഇവ ബുദ്ധിശക്തിയും സൗമ്യസ്വഭാവവുമുള്ള മൃഗങ്ങളാണ്. യുഎഇയിൽ ചില സ്വകാര്യ ഫാമുകളിലും പെറ്റിംഗ് സൂകളിലും മാത്രമേ ഇവയെ കാണാറുള്ളൂ. അതുകൊണ്ടുതന്നെ ദുബൈയിലെ ഹരിതപ്രദേശത്തുകൂടി ഇവ സ്വതന്ത്രമായി നടക്കുന്നത് നാട്ടുകാർക്കും വിദേശികൾക്കും ഒരുപോലെ കൗതുകമായി.