ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ രാഹുലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നൊരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ‌.  

ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ​ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ സംസാരവിഷയം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ രാഹുലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നൊരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ‌.

എഡിറ്റിങ് ആപ്ലിക്കേഷനായ ബിയുഗോ (Biugo) ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് മുകളിലായി ബിയുഗോയുടെ ലോഗോ കാണാന്‍ കഴിയും. ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടിലും ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തന്നെ പങ്കുവച്ചിട്ടില്ല. അതേസമയം 2018ല്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബുര്‍ജ് ഖലീഫയ്ക്ക് മേല്‍ മൂവര്‍ണ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അന്ന് ബുര്‍ജ് ഖലീഫ പുറത്തുവിട്ടിരുന്നു. 2018 ഒക്ടോബര്‍ 2ന് ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിലും ബുര്‍ജ് ഖലീഫയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇതാണ് ആദ്യമായി ഒരു വ്യക്തി എന്ന നിലയില്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം.

രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനമാണ് രാഹുല്‍ ഗാന്ധി നടത്തുക. വരുന്ന ജനുവരി 11, 12 തീയ്യതികളിലാണ് രാഹുല്‍ ഗാന്ധി സന്ദർശനം നടത്തുക. രാഹുല്‍ ഗാന്ധിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം യുഎഇയിലെ ഇന്ത്യക്കാരുമായി ചര്‍ച്ച ചെയ്യും. ശേഷം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.