ദുബായ്: ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ യുഎഇയില്‍ ഇത്തരത്തിലുള്ള ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ യുഎഇയിലെ പൊതുജനാരോഗ്യത്തിന് ഒരുതരത്തിലുമുള്ള ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുനല്‍കുന്നതായും മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും ഫലപ്രദമായ സാംക്രമിക രോഗ നിരീക്ഷണ സംവിധാനമാണ് യുഎഇ പിന്തുടരുന്നത്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന എല്ലാ നിരീക്ഷണങ്ങളും നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ നിന്ന് ഇത്തരം രോഗങ്ങള്‍ രാജ്യത്ത് എത്തുന്നത് കണ്ടെത്താന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യം നേരിടാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.