കുവൈത്ത് സിറ്റി: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി നല്‍കുമെന്ന് കുവൈത്ത്. സന്ദര്‍ശക വിസയിലെത്തിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് ഖാലിദ് അല്‍ സാലിഹിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രതിസന്ധി നേരിടുന്ന വിദേശികളുടെ വിസ കാലാവധി നീട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇമിഗ്രേഷന്‍ വിഭാഗം കേന്ദ്രങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.  കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ ജനറല്‍ അതോറിറ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടിയെന്ന് ഇമിഗ്രേഷന്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു.

സ്വകാര്യ മേഖലയിലെ കമ്പനി ഉടമകള്‍ക്കോ പ്രതിനിധികള്‍ക്കോ ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ള വിദേശികളുടെ കാലാവധിയുള്ള പാസ്പോര്‍ട്ടുമായി വിസ പുതുക്കുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയെ സമീപിക്കാം. ആര്‍ട്ടിക്കിള്‍ 20 വീട്ടുജോലിക്കാരുടെ വിസയും സ്പോണ്‍സര്‍ക്ക് പുതുക്കാം. ഇതിനൊപ്പം തന്നെ കുടുംബ ആശ്രിത വിസകളും പുതുക്കാവുന്നതാണെന്നും മറാഫി അറിയിച്ചു. സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് വിസ കാലാവധി രണ്ടു മാസത്തേക്ക് നീട്ടി നല്‍കും. നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്തവര്‍ക്ക് മൂന്ന് മാസത്തെ അവധി നല്‍കും. ആവശ്യമെങ്കില്‍ കാലാവധി വീണ്ടും നീട്ടും. 

ഇന്ത്യ, ലബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ചൈന, ഹോങ്കോങ്, ഇറാന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്‍ലന്‍ഡ്, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാകും ഈ ആനുകൂല്യം ലഭിക്കുകയെന്ന് തലാല്‍ മറാഫി കൂട്ടിച്ചേര്‍ത്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.asianetnews.com/topic/covid-19?fbclid=IwAR0tcG0xV6-XxUyEqEt4gI2QC8yq61reB5-2H1IXAKafPlXM_SBvF5Nq6kI