മനാമ: പ്രീ എന്‍ട്രി വിസയുടെ ഫീസില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍. രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് യാത്രനാടപടികള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഭരണകൂടത്തിന്റെ തീരുമാനം. പുതിയ വിസ നിരക്കുകള്‍ 2020 ജനുവരി ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും.

ഒരു വര്‍ഷം കാലാവധിയുള്ള എന്‍ട്രി വിസയ്ക്ക് നിലവില്‍ 80 ദിനാറായിരുന്നത് 40 ദിനാറായാണ് കുറച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കാലാവധിയുള്ള വിസയുടെ നിരക്കിലും വന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈടാക്കുന്ന 170 ദിനാറിന്  പകരം 60 ദിനാര്‍ മാത്രമായിരിക്കും ഇത്തരം വിസയ്ക്ക് ഇനി നല്‍കേണ്ടിവരിക. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കും. നയതന്ത്ര വിസകളുടെ കാലാവധിയും മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രാസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.