മസ്‍കത്ത്: സന്ദർശക വിസയിലോ എക്സ്പ്രസ്സ് വിസയിലോ ഇപ്പോള്‍ ഒമാനിൽ താമസിച്ചുവരുന്ന വിദേശികൾ തങ്ങളുടെ വിസാ കാലാവധി പുതുക്കുന്നതിന് ഓൺലൈനിലൂടെ അപേക്ഷകൾ നല്‍കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ മടങ്ങി പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിദേശികൾക്ക് ആശ്വാസമാണ് ഈ അറിയിപ്പ്.

വിസ പുതുക്കുന്നതിനുള്ള അപേക്ഷകൾ  info-omanevisa@rop.gov.om എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഏതെങ്കിലും വിധത്തിൽ  സാങ്കേതിക ബുദ്ധിമുട്ട് നേരിട്ടാൽ, അത്തരം വിസാ ഉടമകൾ നിർദ്ദിഷ്ട ഇ-മെയിൽ വഴി കോൾ സെന്ററുമായി ബന്ധപ്പെടണം. കൊവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് മാർച്ച് 29നാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്.