ദുബായ്: ഒരു കിലോഗ്രാം ഹെറോയിനുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായ വിദേശിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ. 21കാരനായ പാകിസ്ഥാന്‍ പൗരനാണ് പിടിയിലായത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇയാള്‍ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും ദുബായ് പ്രാഥമിക കോടതി വിധിച്ചു.

സന്ദര്‍ശക വിസയിലെത്തിയ പ്രതി ഗ്രീന്‍ ടീ പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പുലര്‍ച്ചെ നാല് മണിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളുടെ ലഗേജിന് അസാധാരണ വലിപ്പം കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. ലഗേജിലുണ്ടായിരുന്ന മൂന്ന് പായ്ക്കറ്റ് ഗ്രീന്‍ ടീ തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആകെ 1.145 കിലോഗ്രാം മയക്കുമരുന്നാണ് ലഗേജിലുണ്ടായിരുന്നത്. ഇയാളെ പിന്നീട് ദുബായ് പൊലീസ് ആന്റി നര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി. കോടതി വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ നല്‍കാനാവും.