Asianet News MalayalamAsianet News Malayalam

ഐപിഎല്‍ വിജയത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ബയോ ബബിള്‍ കാക്കാന്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍

ഐസിസി ടി 20 ലോകകപ്പിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്കായി യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിനെ ബിസിസിഐയും ഇസിബിയും തിരഞ്ഞെടുത്തു. പന്ത്രണ്ട് ബയോ ബബിളുകളിലായി കളിക്കാരടക്കം 2,200 അംഗങ്ങള്‍; രണ്ടു വര്‍ഷത്തിനിടെ ഒരു കായിക മത്സരത്തിനായി ഇത്രയും വലിയ ബയോ ബബിള്‍ ആദ്യം.

 

VPS Healthcare to manage T20 world cup bio bubble
Author
Dubai - United Arab Emirates, First Published Oct 22, 2021, 12:36 PM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ബയോ ബബിള്‍(bio-bubble) സുരക്ഷിതമായി കാത്തതിന് പിന്നാലെ ഐസിസി ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചുമതലയും യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന്(VPS Healthcare ). പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്‌കെയറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമാണ്  (ഇസിബി)  നിര്‍ണ്ണായക ചുമതല ഏല്‍പ്പിച്ചത്. മഹാമാരിക്കാലത്ത് അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മെഡിക്കല്‍ സേവനങ്ങള്‍  കൈകാര്യം ചെയ്യുകയെന്ന  ഉത്തരവാദിത്തം ഇത് മൂന്നാം തവണയാണ് വിപിഎസ് ഹെല്‍ത്ത്‌കെയറിനെ തേടിയെത്തുന്നത്. 

16 ടീമുകള്‍, ബിസിസിഐ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഉദ്യോഗസ്ഥര്‍, സംപ്രേക്ഷണ സംഘം, തുടങ്ങി 2200-ലധികം ആളുകള്‍ ടി 20 ലോകകപ്പിന്റെ സുരക്ഷിത നടത്തിപ്പിനായി ബയോ ബബ്ളില്‍ ഉണ്ടാകും. ബയോ ബബ്ള്‍ കാക്കുന്നതിനായി വിപിഎസ്  ഗ്രൂപ്പ് പഴുതുകളില്ലാത്ത സമഗ്ര പദ്ധതിയാണ്  രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ബുര്‍ജീല്‍ ആശുപത്രികളില്‍ നിന്നുള്ള 100 അംഗ മെഡിക്കല്‍ ടീം ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. 

VPS Healthcare to manage T20 world cup bio bubble

കൊവിഡ് പകര്‍ച്ച തടയാനുള്ള മുന്‍കരുതല്‍ സംവിധാനത്തില്‍ ഇത്തവണ 2,200-ലധികം ആളുകളുള്ളതിനാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്ണമെന്റിനായി ഒരുക്കുന്ന ഏറ്റവും വലിയ വലിയ ബയോ ബബ്‌ളാണ് യുഎഇയിലേത്. കളിക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സംപ്രേക്ഷണ സംഘം, ബിസിസി, ഐസിസി ഉദ്യോഗസ്ഥര്‍, ഹോട്ടലിലെയും സ്റ്റേഡിയത്തിലെയും ജീവനക്കാര്‍, തിരഞ്ഞെടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍  ടൂര്‍ണമെന്റിന്റെ അവസാനം വരെ ബയോ ബബ്‌ളില്‍ തുടരും.  

ബയോ ബബിളില്‍  ഏതെങ്കിലും വിധേനയുള്ള ലംഘനം ഉണ്ടാകാതിരിക്കാന്‍, കര്‍ശനമായ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തവണ ഒന്‍പത് ഹോട്ടലുകളിലായി പന്ത്രണ്ട് ബയോ ബബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്; ദുബായില്‍ ഏഴ്, അബുദാബിയില്‍ അഞ്ച്. അടിയന്തര സാഹചര്യങ്ങളില്‍ 20-30 മിനിറ്റിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കാന്‍ റാപ്പിഡ് ആര്‍ടി പിസിആര്‍ സൗകര്യവും വിപിഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പരിശോധന രീതി 

മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ബയോ ബബിളിലെ എല്ലാ അംഗങ്ങളും വാക്‌സിന്‍ എടുത്തവരാണ്. എങ്കിലും സുരക്ഷ ഉറപ്പാക്കാനായി എല്ലാവരും പതിവായി ആര്‍ടി പിസിആര്‍  ടെസ്റ്റുകള്‍ക്ക് വിധേയരാകും. ബയോ ബബ്‌ളിലെ അംഗങ്ങള്‍ക്കുള്ള ടെസ്റ്റിംഗ് ഐസിസി നിശ്ചയിച്ച പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് നടക്കുക. 

ടൂര്‍ണമെന്റിലുടനീളം 20,000 പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടിവരുമെന്നാണ് വിപിഎസ് ഹെല്‍ത്ത്കെയറിന്റെ  പ്രതീക്ഷ.  പ്രതിദിനം 2,000 പിസിആര്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ പിസിആര്‍ ടെസ്റ്റുകള്‍ക്ക് സാമ്പിള്‍ ശേഖരിച്ച് ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഗ്രൂപ്പിനുള്ളത്. 

VPS Healthcare to manage T20 world cup bio bubble

സുപ്രധാന ചുമതല വിശ്വാസപൂര്‍വം ഏല്‍പ്പിച്ചതിന് ഐസിസി, ബിസിസിഎ, ഇസിബി നേതൃത്വത്തിന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സിഇഒ (ദുബായ് & നോര്‍തേണ്‍ എമിറേറ്റ്‌സ്) ഡോ. ഷാജിര്‍ ഗഫാര്‍ നന്ദി പറഞ്ഞു. പരിധികളില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിനും സമയപരിധി പാലിക്കുന്നതിനും മെഡിക്കല്‍ സംഘം പ്രതിജ്ഞാബദ്ധമായിരിക്കും. ബയോ ബബ്‌ളില്‍ ഉള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. ഐപിഎല്‍ അടക്കമുള്ള വിപുലമായ  ടൂര്‍ണമെന്റുകള്‍ കൈകാര്യം ചെയ്തതിലെ അനുഭവ സമ്പത്ത് ഗ്രൂപ്പിന് മുതല്‍ക്കൂട്ടാവും. മഹാമാരിക്ക്  തടയിടുന്നതിനും വിവിധ അന്താരാഷ്ട്ര പരിപാടികള്‍ ഒരേസമയം സംഘടിപ്പിക്കുന്നതിനുമുള്ള യുഎഇ ഭരണാധികാരികളുടെയും ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

ബയോ ബബിള്‍ സുരക്ഷിതമാക്കുന്നതിനു പുറമേ, ടി 20 ലോകകപ്പിനായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സമഗ്രമായ മെഡിക്കല്‍ പിന്തുണ നല്‍കും. കായിക പരിപാടികള്‍ക്കായി സമ്പൂര്‍ണ ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതില്‍ പരിചയസമ്പന്നരായ ഗ്രൂപ്പ്, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ സപ്പോര്‍ട്ട്, മസ്‌കുലോസ്‌കലെറ്റല്‍ ഇമേജിംഗ്, സ്‌പെഷ്യലിസ്റ്റ് ടെലികണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍-ഓണ്‍-കോള്‍, ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് പിന്തുണ എന്നിവയുള്‍പ്പെടെ വിപുലമായ സേവനങ്ങളാണ് നല്‍കുക. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

സ്റ്റേഡിയങ്ങളിലും പ്രാക്ടീസ് മത്സരങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും. സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിച്ചിരിക്കുന്നതിനാല്‍, അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ മെഡിക്കല്‍ സംഘം ഓരോ സ്റ്റേഡിയത്തിലും സന്ദര്‍ശകര്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

VPS Healthcare to manage T20 world cup bio bubble

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ വിപിഎസിന്റെ ബുര്‍ജീല്‍ ആശുപത്രികളിലുടനീളം കളിക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ്  ഏര്‍പ്പെടുത്തിയിട്ടുള്ളത്. എയര്‍ ആംബുലന്‍സ് സൗകര്യം ആവശ്യമായി വന്നാല്‍  അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വിപിഎസിന്റെ ടെറിഷ്യറി ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്കാണ് ചികിത്സ ലഭ്യമാക്കേണ്ടവരെ കൊണ്ടുപോവുക. 

(ഫോട്ടോ: ടി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ബയോ ബബ്ള്‍ കാക്കുന്ന വിപിഎസ് മെഡിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലെ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു).

Follow Us:
Download App:
  • android
  • ios