Asianet News MalayalamAsianet News Malayalam

ദുബായ് ജയിലില്‍ അധിക ഭക്ഷണത്തിന് കൈക്കൂലി; ഇന്ത്യക്കാരന്‍ കുടുങ്ങിയത് ഇങ്ങനെ

മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകള്‍ കൈക്കൂലിയായി വാങ്ങി ഇയാള്‍ അധിക ഭക്ഷണം തടവുകാര്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉദ്ദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

Waiter accepts bribe to deliver meal to prisoner
Author
Dubai - United Arab Emirates, First Published Oct 1, 2018, 7:37 PM IST

ദുബായ്: ജയിലില്‍ അനുവദനീയമായതില്‍ കൂടുതല്‍ ഭക്ഷണം നല്‍കാനായി കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന്‍ ദുബായില്‍ കുടുങ്ങി. ഒരു സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന 23 വയസുകാരനാണ് പൊലീസിന്റെ പിടിയിലായത്. അറബ് വംശജനായ തടവുകാരന് അധിക ഭക്ഷണം എത്തിക്കാനായി 110 ദിര്‍ഹത്തിന്റെ ഫോണ്‍ റീചാര്‍ജ് കാര്‍ഡാണ് ഇയാള്‍ കൈപ്പറ്റിയത്.

നിയമവിരുദ്ധമായ സൗകര്യങ്ങള്‍ ജയിലില്‍ നല്‍കാനായി കൈക്കൂലി വാങ്ങിയെന്ന കുറ്റം ചുമത്തി ഞായറാഴ്ചയാണ് ഇയാളെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയത്. ജയിലുകളില്‍ ഭക്ഷണം എത്തിക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിങ് സ്ഥാപനത്തിലായിരുന്നു യുവാവിന് ജോലി. മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകള്‍ കൈക്കൂലിയായി വാങ്ങി ഇയാള്‍ അധിക ഭക്ഷണം തടവുകാര്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉദ്ദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 20 ദിവസത്തോളം ഇയാളെ നിരീക്ഷിച്ചു. 

നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാളെ കുടുക്കാനായി ഒരു തടവുകാരനെ അധികൃതര്‍ നിയോഗിക്കുകയായിരുന്നു. തനിക്ക് അധിക ഭക്ഷണം വേണമെന്നും പകരം 100 ദിര്‍ഹം നല്‍കാമെന്നും ഈ തടവുകാരന്‍ യുവാവിനെ അറിയിച്ചു. ഇയാള്‍ ഇത് സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം ജയില്‍ വകുപ്പിലെ ഉന്നത ഉദ്ദ്യോഗസ്ഥരെ അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 110 ദിര്‍ഹത്തിന്റെ റീചാര്‍ജ് കാര്‍ഡ് ഈ തടവുകാരന് അധികൃതര്‍ നല്‍കി. പിറ്റേദിവസം ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് അധികമായി ഭക്ഷണം തടവുകാരന് നല്‍കുകയും പകരം റീചാര്‍ജ് കാര്‍ഡ് വാങ്ങുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പരിശോധന നടത്തി അടയാളപ്പെടുത്തിയ കാര്‍ഡ് തന്നെയാണ് ഇയാള്‍ കൈപ്പറ്റിയതെന്ന് ഉറപ്പാക്കുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. കഴിഞ്ഞ ദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി കേസ് പരിഗണിച്ചെങ്കിലും ഒക്ടോബര്‍ 16ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios