Asianet News MalayalamAsianet News Malayalam

ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്

അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അമേരിക്ക സജ്ജീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‍ട്രേഷന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

warning for airlines in arabian gulf region
Author
Dubai - United Arab Emirates, First Published May 19, 2019, 11:19 AM IST

ദുബായ്: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് മേഖലകളിലൂടെയുള്ള വിമാന സര്‍വീകള്‍ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‍ട്രേഷന്‍ (എഫ്.എ.എ) മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വിമാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാല്‍ സര്‍വീസുകള്‍ ഒന്നും മുടങ്ങിയിട്ടില്ലെന്ന് ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അമേരിക്ക സജ്ജീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‍ട്രേഷന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അറേബ്യന്‍, ഒമാന്‍ ഗള്‍ഫ് മേഖലകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ഈ പ്രദേശത്തെ സൈനിക നീക്കങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണെമന്ന് അറിയിപ്പ് പറയുന്നു. വിമാനങ്ങളെ തെറ്റിദ്ധരിക്കപ്പെടാനോ അല്ലങ്കില്‍ സിഗ്നലുകള്‍ക്ക് തകരാറുകള്‍ സംഭവിക്കാനോ സാധ്യതയുണ്ടെന്നും പറയുന്നു.

അമേരിക്കന്‍ അധികൃതരുടെ അറിയിപ്പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍  തങ്ങളുടെ സര്‍വീസുകള്‍ക്കൊന്നും മാറ്റമുണ്ടാകില്ലെന്നുമാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചത്. യുഎഇയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള ഏജന്‍സികളുമായി ഇക്കാര്യത്തില്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു. ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയും സര്‍വീസുകള്‍ മാറ്റമില്ലാതെ നടക്കുന്നുണ്ടെന്ന് അറിയിച്ചു.

Follow Us:
Download App:
  • android
  • ios