അതി തീവ്ര മഴയുടെയും കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ന് വൈകിട്ട് നാല് മണി വരെ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ചില സ്ഥലങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ച അറിയിപ്പം പ്രകാരം ഇന്ന് പല പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പ്രത്യേകിച്ച് രാജ്യത്തിന്‍റെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ പകല്‍സമയം മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

അബുദാബിയുടെ ചില പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അതി തീവ്ര മഴയുടെയും കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ന് വൈകിട്ട് നാല് മണി വരെ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ചിലപ്പോള്‍ ഇത് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആയേക്കാം. ഇത് പൊടി വ്യാപിക്കാനും കാരണമാകും. രാജ്യത്ത് ഇന്ന് പരമാവധി ഉയര്‍ന്ന താപനില 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കുറഞ്ഞ താപനില 10 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ. 

Read Also - യുഎഇയിൽ പ്രതികൂല കാലാവസ്ഥ; 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ പെയ്തത്. വിമാന, ബസ്, ജലഗതാഗത സർവീസുകളെയും മഴ ബാധിച്ചു. വാഹന ഗതാഗതവും മന്ദഗതിയിലാക്കി. മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 13 വിമാനങ്ങൾ റദ്ദാക്കുകയോ സമീപ വിമാനത്താളത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്തു. പുലർച്ചെ അബുദാബിയിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നലെ പകൽ മുഴുവൻ പെയ്തു.

ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എന്നീ എമിറേറ്റുകളിലും കനത്ത മഴയാണ് പെയ്തത്. അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്ന് അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിട്ടു​. ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് നിർത്തിവച്ചു. അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏ‌ർപ്പെടുത്തി. വിമാന യാത്രക്കാർക്കും ജാ​ഗ്രതാ നിർദ്ദേശമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എല്ലാവരും വീടുകളില്‍ തുടരണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റാസല്‍ഖൈമയിലെ ഒരു റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. അല്‍ ഷുഹദ സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...