ഉയർന്ന തലത്തിലുള്ള അന്തരീക്ഷമർദ്ദവും അതിനോട് അനുബന്ധമായ മേഘസഞ്ചാരവുമാണ് പ്രധാനമായും കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

മസ്‌കത്ത്: ഒമാനിൽ കാലാവസ്ഥ ഓഗസ്റ്റ് 21 വരെ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി (CAA) പ്രസ്താവനയിലൂടെ അറിയിച്ചു. നാഷണൽ മൾട്ടി ഹസാർഡ് എർലി വാർണിംഗ് സെന്റർ നൽകിയ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഉയർന്ന തലത്തിലുള്ള അന്തരീക്ഷമർദ്ദവും അതിനോട് അനുബന്ധമായ മേഘസഞ്ചാരവുമാണ് പ്രധാനമായും കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലും ഇടവിട്ട് മഴ, മിന്നൽമഴ എന്നിവ പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.

അസ്ഥിരമായ കാലാവസ്ഥ പ്രധാനമായി ബാധിക്കപ്പെടുന്ന മേഖലകൾ

* അൽ വുസ്ത

* ദോഫാർ

* തെക്കൻ അൽ ശർഖിയ

* വടക്കൻ അൽ ശർഖിയ

* അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ

ഈ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും ഇടക്കിടെ മിന്നൽമഴയ്ക്കും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ

ഓഗസ്റ്റ് 18 തിങ്കളാഴ്ച

* തുടർച്ചയായ മേഘസഞ്ചാരവും വ്യാപകമായ ഒറ്റപ്പെട്ട മഴയും.

* അൽ ദാഖിലിയ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.

* 15-35 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത..

* കാറ്റിന്റെ വേഗത 28-65 കിമീ/മണിക്കൂർ വരെ ഉയരും.

* ദൃശ്യത കുറയാനും പൊടിക്കാറ്റ് ഉയരാനും സാധ്യത തുടരുന്നു.

* കടൽ തീരങ്ങളിൽ കടൽപ്രക്ഷുബ്ധത തുടരാൻ സാധ്യതയുണ്ടെന്നും 4 മീറ്റർ വരെ തിരമാല ഉയരുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.

ഓഗസ്റ്റ് 19 മുതൽ 21 വരെ (ചൊവ്വ – വ്യാഴം) 

* ദോഫാർ, അൽ വുസ്ത മേഖലകളിൽ മേഘസഞ്ചാരവും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരാൻ സാധ്യത.

* മഴയുടെ അളവ് 25 മുതൽ 45 മില്ലീമീറ്റർ വരെയായിരിക്കും.

* 28-65 കിമീ / മണിക്കൂർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

* ദൃശ്യത കുറയുന്നതിനും പൊടിക്കാറ്റ് പ്രത്യക്ഷപ്പെടുന്നതിനും സാധ്യത തുടരുന്നു.

* കടൽതീരങ്ങളിൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകളോടുകൂടിയ കടൽപ്രക്ഷുബ്ധത തുടരാനാണ് സാധ്യത.

സുരക്ഷാ നിർദ്ദേശം / ജാഗ്രതാ നിർദ്ദേശം

യാത്രക്കാരും, വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. അധിക ജാഗ്രതയും സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ കര്‍ശനമായ പാലനവും നിർബന്ധമാണെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.