Asianet News MalayalamAsianet News Malayalam

കഥയറിയാതെ ആട്ടം കാണല്ലേ, ആ ട്വീറ്റ് നമ്മളെ ഉദ്ദേശിച്ചല്ല!

അത് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചുകൊണ്ടുള്ളതല്ല. യുഎഇയില്‍ മലയാളി സുഹൃത്തുക്കളെങ്കിലും ഈ ട്വീറ്റിന് വ്യാഖ്യാനങ്ങള്‍ നല്‍കരുത്. 

whatsapp real reason behind dubai ruler tweets
Author
Dubai - United Arab Emirates, First Published Aug 27, 2018, 10:11 PM IST

ദുബായ്: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറലായിരുന്നു. മലയാളികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ട്വീറ്റിന് പ്രശസ്തി നല്‍കിയത്, ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബൈ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ്പറയുന്നത്. ഒന്നാമത്തെ കൂട്ടർ  എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്‍റെ ഉള്ളടക്കം. 

കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ചിലര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഇതിന്‍റെ സത്യം എന്താണ്. ഏഷ്യാനെറ്റ് ന്യൂസ് മിഡില്‍ ഈസ്റ്റ് ബ്യൂറോചീഫ് അരുണ്‍ കുമാര്‍ കെആര്‍ എഴുതുന്നു,.

അരുണ്‍ കുമാര്‍ കെആറിന്‍റെ പോസ്റ്റ്

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും  ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്‍റെ ട്വീറ്റ്സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് ഈ കുറിപ്പ്. അത് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചുകൊണ്ടുള്ളതല്ല. യുഎഇയില്‍ മലയാളി സുഹൃത്തുക്കളെങ്കിലും ഈ ട്വീറ്റിന് വ്യാഖ്യാനങ്ങള്‍ നല്‍കരുത്. ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് സേവനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഷെയ്ഖ് മുഹമ്മദ് പല സന്ദര്‍ഭങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജോലിയില്‍ ഉഴപ്പുകാട്ടുന്നവര്‍ക്കെതിരെ നടപടികളും കൈക്കൊള്ളാറുണ്ട്. 

ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണാധികാരി പരിശോധന നടത്തിയപ്പോഴുണ്ടായ അനുഭവമാണ് കുറിപ്പിന് ആധാരം...

രണ്ടതരം ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ്  എഴുത്തില്‍ പറയുന്നത്.. അല്ലാതെ രണ്ടുതരം ഭരണാധികാരികള്‍ എന്നല്ല!! 

"രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്. ഒന്ന് നല്ല ആളുകളാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്ക് സഹായം ചെയ്യുന്നതിലൂടെയും ചെയ്യാന്‍ ഉദ്ദേശിക്കുന്നതിലൂടെയും അവര്‍ ജീവിത്തില്‍ സന്തോഷം കണ്ടെത്തുകയും അതിന് മൂല്യം കല്‍പിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പ്രയാസങ്ങള്‍ ലഘൂകരിക്കുക. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക. ജനങ്ങളുടെ സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഭൂരിഭാഗം ഉദ്യോഗസ്ഥരും
മനുഷ്യര്‍ക്ക് കുടുതല്‍ പ്രയാസപ്പെടുത്തുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരുടെ ഓഫീസ് വാതിലുകളില്‍ കാത്ത് നില്‍ക്കുന്നതാണ് അവരുടെ സന്തോഷം. ഇത്തരം ആളുകള്‍ രണ്ടാം സ്ഥാനത്തേക്ക് വന്നാല്‍ (കുറഞ്ഞാല്‍) മാത്രമേ ഭരണകൂടവും സര്‍ക്കാറും വിജയിക്കുകയുള്ളൂ."

അതായത് ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരേയും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നവരേയും പരാമര്‍ശിച്ചുകൊണ്ടുള്ള എഴുത്താണത്.. അത് മനസ്സിലാകണമെങ്കില്‍  ദുബായി ഭരണാധികാരിയുടെ അഞ്ചുദിവസം മുമ്പുള്ള ട്വീറ്റ് വായിച്ചാല്‍ മതി. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ പോസ്റ്റ്

ഒളിഞ്ഞിരുന്ന് വിമര്‍ശിക്കുന്നയാളല്ല ഹിസ്ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എതിരഭിപ്രായമുണ്ടെങ്കില്‍ സഹോദര രാജ്യങ്ങളാണെങ്കില്‍ പോലും പേരെടുത്ത് പറഞ്ഞ് തന്‍റെ അഭിപ്രായം  രേഖപ്പെടുത്തും... കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥന മലയാളത്തിലടക്കം ട്വീറ്റ് ചെയ്ത ഷെയ്ഖ് മുഹമ്മദ് കേരളത്തിന് സഹായം കൈമാറുന്ന കാര്യത്തിലും നമ്മളെല്ലാം കാത്തിരിക്കുന്നതുപോലെ വ്യക്തത വരുത്തും... നമുക്ക് കാത്തിരിക്കാം പറഞ്ഞുകേള്‍ക്കുന്ന തുകയ്ക്കു മുകളിലായിരിക്കും ആ സഹായമെന്ന് ഈ രാജ്യത്ത് ജോലിചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഉറച്ച വിശ്വാസമുണ്ട്.. 

പക്ഷെ ഇപ്പോഴുള്ള എടുത്തുചാട്ടം നന്നല്ല..  നിലവിലെ സാഹചര്യത്തില്‍ ഇടവും വലവും നോക്കാതെ വായിക്കുമ്പോള്‍ സ്വാഭാവികമായും ഇത് നമ്മളയാണ് നമ്മളെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് തോന്നിയാല്‍ സുഹൃത്തുക്കളെ തെറ്റുപറയാനാവില്ല!!. അതുപക്ഷേ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കാന്‍ മാത്രമേ വഴിയൊരുക്കൂ.. ഇന്ത്യക്കാരെകുറിച്ച് പ്രത്യേകിച്ച് മലയാളികളെ കുറിച്ച് മികച്ച അഭിപ്രായമാണ് യുഎഇ ഭരണകൂടത്തിന് നിലവിലുള്ളത്. കഥയറിയാതെ ആട്ടം കണ്ടിട്ട് അതുകളയരുത് ക്ഷമയോടെ കാത്തിരിക്കാം ആ ശുഭ വാര്‍ത്തയ്ക്കായി...
 

Follow Us:
Download App:
  • android
  • ios