Asianet News MalayalamAsianet News Malayalam

സ്നേഹം കൊണ്ട് ശ്വാസംമുട്ടിക്കുന്നു; വിവാഹ മോചനത്തിന് വിചിത്ര ന്യായവുമായി യുവതി കോടതിയില്‍

എന്തെങ്കിലും വഴക്കുണ്ടാകുന്ന ഒരു ദിവസത്തിനുവേണ്ടി താന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ എപ്പോഴും ക്ഷമിക്കുകയും തനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഭര്‍ത്താവിന്റെ 'റൊമാന്റിക്' മനോഭാവം കാരണം അതുണ്ടാകുമെന്ന് തോന്നുന്നില്ല.

Wife seeks divorce because husband loves her a lot
Author
Fujairah - United Arab Emirates, First Published Aug 22, 2019, 7:15 PM IST

ഫുജൈറ: ഭര്‍ത്താവിന്റെ സ്‍നേഹം കൂടിപ്പോയെന്നും തന്നോട് വഴക്കിടുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ വിവാഹമോചന ഹര്‍ജി. യുഎഇയിലെ ഫുജൈറ ശരീഅ കോടതിയിലാണ് ഹര്‍ജി പരിഗണനയ്ക്ക് വന്നത്. തന്നെ ഭര്‍ത്താവ് എപ്പോഴും വീട്ടുജോലികളില്‍ സഹായിക്കുന്നുവെന്നും ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുകയും വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി 'ആരോപിക്കുന്നു'.

ഭര്‍ത്താവിന്റെ സ്‍നേഹവും അനുകമ്പയും എല്ലാ പരിധികള്‍ക്കും അപ്പുറമാണ്. സ്നേഹം കൊണ്ട് അദ്ദേഹം ശ്വാസം മുട്ടിക്കുന്നു. ആവശ്യപ്പെടാതെ പോലും വീട് വൃത്തിയാക്കാന്‍ തന്നെ സഹായിക്കുന്നു. പലപ്പോഴും തനിക്കുവേണ്ടി ഭക്ഷണം പാചകം ചെയ്യുന്നു. ഒരുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ ക്ഷമ കാരണം ഇതുവരെ ഒരു തര്‍ക്കമോ പ്രശ്നമോ ഉണ്ടായിട്ടില്ല. അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ് കാരണം തന്റെ ജീവിതം നരകതുല്യമായെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു.

എന്തെങ്കിലും വഴക്കുണ്ടാകുന്ന ഒരു ദിവസത്തിനുവേണ്ടി താന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ എപ്പോഴും ക്ഷമിക്കുകയും തനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഭര്‍ത്താവിന്റെ 'റൊമാന്റിക്' മനോഭാവം കാരണം അതുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു വാക്കുതര്‍ക്കമോ വാഗ്വാദമോ എങ്കിലും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അനുസരണകൊണ്ട് നിറഞ്ഞ പ്രയാസ രഹിതമായ ജീവിതം മടുത്തുവെന്നും യുവതി പറഞ്ഞു.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്. ഭാര്യയുടെ ചില ആവശ്യങ്ങളെങ്കിലും നിരാകരിക്കണമെന്നും എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിഷമിപ്പിക്കുകയും വേണമെന്ന് പലരും തന്നെ ഉപദേശിച്ചു. എന്നാല്‍ താന്‍ അത് ചെയ്തില്ല. ദയാലുവായ നല്ലൊരു ഭര്‍ത്താവാകണമെന്നാണ് ആഗ്രഹം. തനിക്ക് ശരീരഭാരം കൂടുതലാണെന്ന് ഒരിക്കല്‍ ഭാര്യ പരാതി പറഞ്ഞു. ഇതേതുടര്‍ന്ന് കഠിനമായ ഭക്ഷണ ക്രമീകരണവും വ്യായമവും തുടങ്ങി. കാഠിന്യമേറിയ ശാരീരിക അധ്വാനം കാരണം തന്റെ കാലിന് പരിക്കേല്‍ക്കുക വരെ ചെയ്തു. ഒരു വര്‍ഷം കൊണ്ട് ദാമ്പത്യ ബന്ധത്തെ വിലയിരുത്തുന്നത് ശരിയല്ല. പിഴവുകളില്‍ നിന്നാണ് എല്ലാവരം പഠിക്കുന്നത്. അതുകൊണ്ട് കേസ് പിന്‍വലിക്കണമെന്ന് തന്റെ ഭാര്യയോട് കോടതി ആവശ്യപ്പെടണമെന്നും ഇയാള്‍ അഭ്യര്‍ത്ഥിച്ചു. ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താനായി കോടതി കേസ് മാറ്റിവെച്ചു.
 

Follow Us:
Download App:
  • android
  • ios