Asianet News MalayalamAsianet News Malayalam

നിറപറയെ ഏറ്റെടുത്ത് വിപ്രോ; ഗള്‍ഫ് രാജ്യങ്ങളിലെ ഭക്ഷ്യ വിപണിയില്‍ സജീവമാകാന്‍ ഇനി വിപ്രോയും

ജിസിസി രാജ്യങ്ങളിലെ വിപണിയില്‍ വലിയ സാന്നിദ്ധ്യമുള്ള  നിറപറയുമായുണ്ടാക്കിയ ഏറ്റെടുക്കല്‍ കരാറിലൂടെ പാക്കേജ്‍ഡ് ഫുഡ്, സ്‍പൈസസ് വിഭാഗത്തില്‍ വലിയ വളര്‍ച്ചയാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ പദ്ധതിയിടുന്നത്.

Wipro Consumer Care enters the food segment in GCC countries signs definitive agreement
Author
First Published Jan 14, 2023, 9:38 AM IST

ദുബൈ: ഇന്ത്യയിലെ പ്രമുഖ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‍സ് കമ്പനിയായ (എഫ്.എം.സി.ജി) വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിങ്,  ഭക്ഷ്യോത്പന്ന വിപണന സ്ഥാപനമായ നിറപറയുമായുള്ള ഏറ്റെടുക്കല്‍ കരാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലും അന്താരാഷ്‍ട്ര വിപണിയിലും ഭക്ഷണ വിപണന രംഗത്ത് സജീവമാകുമെന്ന വിപ്രോയുടെ നേരത്തയുള്ള പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്. സ്നാക്, ഫുഡ്, സ്‍പൈസസ്, റെ‍ഡി ടു കുക്ക് മേഖലകളില്‍ അറിയപ്പെടുന്ന സാന്നിദ്ധ്യമായി മാറാനാണ് വിപ്രോ ലക്ഷ്യം വെയ്ക്കുന്നത്.

വിപ്രോ ഏറ്റെടുക്കുന്ന 13-ാമത്തെ കമ്പനിയായി മാറിയിരിക്കുകയാണ് നിറപറ. നിലവില്‍ എന്‍ചാന്റര്‍, യാര്‍ഡ്‍ലി ഓഫ് ലണ്ടന്‍, സന്തൂര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളിലൂടെ ജിസിസി രാജ്യങ്ങളില്‍ വിപ്രോയുടെ സജീവ സാന്നിദ്ധ്യമുണ്ട്. ഈ പട്ടികയിലേക്കാണ് ഇനി നിറപറയും എത്തുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ രംഗത്ത് സ്ഥാനമുറപ്പിക്കാന്‍ നിറപറയുടെ സ്‍പൈസസ് മുതല്‍ റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ വരെയുള്ള വിപുലമായ ശ്രേണിയിലൂടെ സാധ്യമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

1976ല്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നിറപറ, അതിന്റെ മസാലക്കൂട്ടുകളുടെ പേരില്‍, പ്രധാനമായും സാമ്പാര്‍ പൊടി, ചിക്കന്‍ മസാല തുടങ്ങിയ ഉത്പന്നങ്ങളിലൂടെയാണ് ഉപഭോക്താക്കളുടെ ശ്രദ്ധനേടിയത്. പിന്നീട് റെഡി ടു കുക്ക് പുട്ടുപൊടിയുടെ പേരില്‍ നിറപറ പ്രശസ്‍തമായി. ലോകത്തുടനീളം ഇന്ത്യന്‍ സമൂഹം ഉപയോഗിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളിലൊന്നായി നിറപറ ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇതില്‍ ജിസിസി രാജ്യങ്ങളാണ് നിറപറയുടെ പ്രധാന വിപണികളിലൊന്ന്.

നിറപറയുടെ അന്താരാഷ്‍ട്ര വരുമാനത്തില്‍ 82 ശതമാനവും ജിസിസി രാജ്യങ്ങളില്‍ നിന്നാണ്. ജിസിസിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 40 ശതമാനം യുഎഇയില്‍ നിന്നും 30 ശതമാനം സൗദി അറേബ്യയില്‍ നിന്നുമാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെല്ലാം നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട് നിറപറ ഉത്പന്നങ്ങള്‍ക്ക്.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ വിശ്വാസമര്‍പ്പിച്ച നിറപറയെന്ന ബ്രാന്‍ഡിലൂടെ ഭക്ഷ്യ വിപണിയിലേക്ക് കടക്കുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിങ്, ഫുഡ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു. ഇന്ത്യന്‍ പാചക രീതികളുടെ പ്രധാന സവിശേഷതയായ സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം ഇപ്പോള്‍ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശുദ്ധവും വിശ്വാസയോഗ്യവുമായ സ്‍പൈസസ് ഉത്പന്നങ്ങള്‍ക്കും മറ്റ് റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ക്കും വിപണിയില്‍ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതര രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള എല്ലാ രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ഇനി വിപ്രോയ്ക്ക് സാധിക്കുമെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ മിഡില്‍ ഈസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ പ്രിയദര്‍ശി പനിഗ്രഹി  പറഞ്ഞു.

Follow Us:
Download App:
  • android
  • ios