ഷാര്‍ജ: ഷോപ്പിങ് മാളില്‍ വെച്ച് അറബ് വനിതയുടെ ഹാന്റ് ബാഗ് മോഷ്ടിച്ച സംഭവത്തില്‍ ഏഷ്യന്‍ യുവതി അറസ്റ്റില്‍. 30,000 ദിര്‍ഹം മൂല്യമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഷാര്‍ജയിലെ അര്‍ ബുഹൈറ കോര്‍ണിഷ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്ട്രോളറിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. മാളിലെ കുട്ടികളുടെ കളിസ്ഥലത്തുവെച്ചാണ് ബാഗ് മോഷ്ടിക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയും ബാഗ് പിടിച്ചെടുത്ത് ഉടമയ്ക്ക് കൈമാറുകയും ചെയ്തു. 

മാളുകളില്‍ ഷോപ്പിങ് കാര്‍ട്ടിലും സ്ട്രോളറുകളിലും ബാഗുകള്‍ സൂക്ഷിക്കുന്നവരെയാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ പൊലീസ് ക്രൈം മെത്തേഡ്സ് അനാലിസിസ് വിഭാഗം തലവന്‍ കേണല്‍ യൂഫുഫ് ബിന്‍ ഹാര്‍മുല്‍ പറഞ്ഞു. അശ്രദ്ധ മുതലെടുത്ത് ബാഗുകള്‍ കവരുന്നതാണ് രീതി. വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കാണിച്ച് ഷാര്‍ജ പൊലീസ് നിരവധി ബോധവത്കരണ കാമ്പയിനുകളും നടത്തിയിരുന്നു.