തട്ടിപ്പിനിരയായ പ്രവാസി, താന്‍ ഉപയോഗിച്ച ഒരു ബെഡ് ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഉപയോഗിച്ച സാധനങ്ങള്‍ കൈമാറുന്ന ഒരു വെബ്‍സൈറ്റ് വഴി ഇതിനായി ഇയാള്‍ ആവശ്യക്കാരെ അന്വേഷിച്ചു. ഈ വെബ്‍സൈറ്റ് വഴിയാണ് യുവതി ഇയാളെ ബന്ധപ്പെടുന്നത്.
ദുബൈ: യുഎഇയില്‍ പ്രവാസിയെ കബളിപ്പിച്ച് 17,000 ദിര്‍ഹം തട്ടിയ യുവതിക്ക് കോടതി ഒരു മാസം ജയില്‍ ശിക്ഷയും 19,000 ദിര്‍ഹം പിഴയും വിധിച്ചു. പ്രവാസിയുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ ശേഷമാണ് ഇവര്‍ പണം മോഷ്ടിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു സംഭവം. തട്ടിപ്പിനിരയായ പ്രവാസി, താന്‍ ഉപയോഗിച്ച ഒരു ബെഡ് ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഉപയോഗിച്ച സാധനങ്ങള്‍ കൈമാറുന്ന ഒരു വെബ്‍സൈറ്റ് വഴി ഇതിനായി ഇയാള്‍ ആവശ്യക്കാരെ അന്വേഷിച്ചു. ഈ വെബ്‍സൈറ്റ് വഴിയാണ് യുവതി ഇയാളെ ബന്ധപ്പെടുന്നത്. തനിക്ക് ബെഡ് ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ പണമൊന്നും ആവശ്യമില്ലെന്നും ബെഡ് നല്‍കാമെന്നും പ്രവാസി മറുപടി നല്‍കി. എന്നാല്‍ പിന്നീട് ഇവര്‍ വീണ്ടും ബന്ധപ്പെട്ട് തന്റെ കൈയില്‍ പണമൊന്നും ഇല്ലാത്തതിനാല്‍ ബെഡ് വീട്ടില്‍ എത്തിക്കുന്നതിനുള്ള ഷിപ്പിങ് ചാര്‍ജ് കൂടി നല്‍കുമോ എന്ന് അന്വേഷിച്ചു. അതും സമ്മതിച്ചപ്പോള്‍ ഒരു ലിങ്ക് അയച്ചുകൊടുത്തു.
ലിങ്ക് ഓപ്പണ്‍ ചെയ്‍തപ്പോള്‍ സര്‍ക്കാര്‍ വെബ്‍സൈറ്റ് പോലെ തോന്നിക്കുന്ന ഒരു വെബ്‍സൈറ്റിലാണ് എത്തിയത്. ഷിപ്പിങ് ചെലവിനുള്ള പണം നല്‍കാനായിരിക്കുമെന്ന് തെറ്റിദ്ധരിച്ച് പ്രവാസി അവിടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതും തൊട്ട് പിന്നാലെ അക്കൗണ്ടില്‍ നിന്ന് 17,000 ദിര്‍ഹം പിന്‍വലിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തിനൊടുവില്‍ പൊലീസ് തട്ടിപ്പുകാരിയെ കണ്ടെത്തി. താന്‍ യുഎഇയില്‍ കുട്ടികളെ നോക്കുന്ന ജോലി ചെയ്തിരുന്നുവെന്നും അടുത്തിടെ ജോലി നഷ്ടമായെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. നിയമവിരുദ്ധമായാണ് ഇവര്‍ രാജ്യത്ത് താമസിച്ചുവന്നിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ദുബൈയിലെ ഇലക്ട്രോണിക് അന്വേഷണ വിഭാഗമാണ് ഇവര്‍ നടത്തിയ തട്ടിപ്പിന്റെ വിശദ വിവരങ്ങള്‍ ശേഖരിച്ചത്. യുവതി ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും അന്വേഷണത്തില്‍ തട്ടിപ്പിന്റെ എല്ലാ വിശദാംശങ്ങളും വെളിച്ചത്തുവന്നതോടെയാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
Read also: ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് മന്ത്രാലയം
