റാസല്‍ഖൈമ: യുവാവിനെ പിന്തുടര്‍ന്ന് അനുമതിയില്ലാതെ ഫോട്ടോയെടുക്കുകയും അവ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് 10,000 ദിര്‍ഹം പിഴ. റാസല്‍ഖൈമ സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ് സ്ഥലച്ചുവെച്ച് തന്നെ പിന്തുടരുകയും അനുമതിയില്ലാതെ മൊബൈല്‍ ഫോണില്‍ നിരവധി ചിത്രങ്ങളെടുക്കുകയും ചെയ്തുവെന്നാണ് അറബ് പൗരനായ യുവാവ് കോടതിയില്‍ ആരോപിച്ചത്.

എന്നാല്‍ യുവാവ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി കോടതിയില്‍ ആരോപിച്ചുവെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. വ്യാജ പരാതിയെ തുടര്‍ന്ന് യുവാവിന് 39 ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നിരുന്നു. ഇത് യുവാവിനെ മാനസികമായി തളര്‍ത്തിയെന്നും കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ 10,000 ദിര്‍ഹം പിഴയ്ക്കൊപ്പം കോടതി ചിലവായും അഭിഭാഷകന്റെ ഫീസായും യുവാവിന് ചിലവായ തുകയും യുവതി നല്‍കണമെന്ന് കോടതി വിധിച്ചു.

യുവാവിന്റെ സ്വകാര്യത ലംഘിച്ചതിന് കേസില്‍ നേരത്തെ കീഴ്‍കോടതി യുവതിക്ക് 5000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. യുവാവ് തന്നെ ശല്യം ചെയ്തുവെന്നും അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് വേണ്ടിയാണ് താന്‍ ഫോട്ടോ എടുത്തതെന്നും യുവതി കോടതിയില്‍ പറഞ്ഞു. സിഐഡി ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും ഈ ചിത്രം കൈമാറിയിട്ടില്ലെന്നും ഇവര്‍ വാദിച്ചു.

എന്നാല്‍ ഷോപ്പിങ് സെന്ററിന്റെ ഫുഡ് കോര്‍ട്ട് മുതല്‍ തന്നെ പിന്തുടരുകയായിരുന്നുവെന്നാണ് യുവാവിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഷോപ്പിങ് സെന്ററില്‍ നിന്ന് പുറത്തിറങ്ങുന്നത് വരെ തന്റെ ചിത്രങ്ങളെടുത്തു. സിസിടിവി ക്യാമറകളില്‍ ഇക്കാര്യം വ്യക്തമാണ്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വീഡിയോ ക്ലിപ്പ് തയ്യാറാക്കുകയും ഇത് വാട്സ്ആപ് വഴി മറ്റുള്ളവര്‍ക്ക് കൈമാറുകയുമായിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം താന്‍ യുവതിയെ ശല്യം ചെയ്യാനോ അങ്ങോട്ട് പോയി സംസാരിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് യുവാവ് കോടതിയെ അറിയിച്ചിരുന്നു.