അല്‍ഐന്‍: തന്‍റെ അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി പകരം വീട്ടാനായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി. ഭാര്യയുടെ വിവാഹേതര ബന്ധം അറിഞ്ഞതോടെ ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. അല്‍ ഐനിലെ അറബ് കുടുംബത്തിലാണ് സംഭവമെന്ന് കോടതി രേഖകളില്‍ പറയുന്നു.

ഭര്‍ത്താവിന് തന്‍റെ അടുത്ത സുഹൃത്തുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ യുവതി ഇതേക്കുറിച്ച് അയാളോട് ചോദിച്ചു. എന്നാല്‍ ഭര്‍ത്താവ് ഇക്കാര്യം നിഷേധിച്ചു. ഭാര്യയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനിടെ ഒടുവില്‍ വിവാഹേതര ബന്ധം ഉണ്ടെന്നും പരസ്പരം പ്രണയസന്ദേശങ്ങള്‍ കൈമാറാറുണ്ടെന്നും ഭര്‍ത്താവ് സമ്മതിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് പിണങ്ങിപ്പോയ യുവതി പിതാവിനൊപ്പം സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പിന്നീട് അഞ്ചുമാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനോട് പകരം വീട്ടാന്‍ തീരുമാനിച്ച യുവതി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായി. 

വിവാഹിതനായ ഇയാള്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുള്ളതായി സംശയം തോന്നിയ ഇയാള്‍ ഇതിനുള്ള തെളിവുകള്‍ ശേഖരിച്ച് കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. കുട്ടികളെ നോക്കാനുള്ള അവകാശം തനിക്ക് തരണമെന്നും ഭാര്യയ്ക്കുള്ള നിയമപരമായ അവകാശങ്ങള്‍ എടുത്തു കളയണമെന്നുമാണ് ഭര്‍ത്താവായ യുവാവിന്‍റെ ആവശ്യം.