Asianet News MalayalamAsianet News Malayalam

ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നു; യുഎഇയില്‍ വിദേശ വനിതക്കെരെ വിചാരണ തുടങ്ങി

തന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് സുഹൃത്തിനെ കൊല്ലാന്‍ യുവതി തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം ഇവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇവര്‍ തന്നെ കൊലപാതകത്തിനുള്ള പദ്ധതിയും തയ്യാറാക്കി. 

Woman hires gang in UAE to loot  kill roommate
Author
Abu Dhabi - United Arab Emirates, First Published Jan 10, 2019, 11:50 AM IST

അബുദാബി: ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഷ്യക്കാരിക്കെതിരെ അബുദാബി കോടതിയില്‍ വിചാരണ തുടങ്ങി. തന്റെ സുഹൃത്തുക്കളായ നാല് പുരുഷന്മാരെ മറ്റൊരു എമിറേറ്റില്‍ നിന്ന് വിളിച്ചുവരുത്തിയാണ് യുവതി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട യുവതിയും പ്രതികളുമെല്ലാം ഒരേ രാജ്യക്കാരാണെന്ന് എമിറാത്ത് അല്‍ യൗം പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് സുഹൃത്തിനെ കൊല്ലാന്‍ യുവതി തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം ഇവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇവര്‍ തന്നെ കൊലപാതകത്തിനുള്ള പദ്ധതിയും തയ്യാറാക്കി. ശേഷം മറ്റൊരു എമിറേറ്റില്‍ നിന്ന് നാല് പുരുഷ സുഹൃത്തുക്കളെ അബുദാബിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സംഭവ ദിവസം രാത്രി യുവാക്കള്‍ വീടിന് പുറത്ത് വന്നശേഷം യുവതിയെ ഫോണില്‍ വിളിച്ചു. സുഹൃത്ത് ഉറങ്ങുന്നത് വരെ കാത്തിരിക്കാനായിരുന്നു നിര്‍ദ്ദേശം. രാത്രി വൈകി ഇവര്‍ ഉറങ്ങിയതിന് പിന്നാലെ യുവതി വീടിന്റെ വാതില്‍ തുറന്നുകൊടുത്ത് ഇവരെ അകത്ത് കയറ്റി. പിന്നീട് സുഹൃത്തിന്റെ മുറിയുടെ വാതിലും തുറന്നുകൊടുക്കുകയായിരുന്നു. അകത്ത് കയറിയ യുവാക്കളിലൊരാള്‍ യുവതിയെ വിളിച്ചുണര്‍ത്തിയ ശേഷം തങ്ങള്‍ സിഐഡി ഉദ്ദ്യോഗസ്ഥരാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ യുവതി ബഹളം വെയ്ക്കാന്‍ തുടങ്ങി.

ഇതോടെ യുവതിയുടെ വാ പൊത്തിപ്പിടിച്ച ശേഷം സാരി കൊണ്ട് കൈയും കാലും കെട്ടിയിട്ടു. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മുറി പരിശേോധിച്ച് ഇവരുടെ പണവും ആഭരണങ്ങളും കൈക്കലാക്കി. ഇവ പ്രതികള്‍ പങ്കിട്ടെടുക്കുകയായിരുന്നു. പ്രതികളിലൊരാള്‍ സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. യുവതിയെ മുറിയില്‍ കെട്ടിയിട്ടിരിക്കുകയും കൊലപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതികള്‍ പരസ്പരം സംസാരിക്കുകയും ചെയ്യുന്നതും വീഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് കോടതി മാറ്റിവെച്ചു.

Follow Us:
Download App:
  • android
  • ios