ഭര്‍ത്താവ് റൊമാന്റിക് അല്ലെന്ന വിചാരം ഈ സ്ത്രീയില്‍ കടന്നുകൂടി. ടര്‍ക്കിഷ് സീരിയലുകളിലെ അഭിനേതാക്കളെപ്പോലെ ഭംഗിയോ ആകാര വടിവോ ഭര്‍ത്താവിനില്ലെന്ന് ഇവര്‍ പറയുന്നു.

മനാമ: ടെലിവിഷന്‍ സീരിയലുകള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എന്നാല്‍ ടര്‍ക്കിഷ് സീരിയല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വിവാഹമോചനത്തിന്(divorce) വഴിയൊരുക്കിയിരിക്കുകയാണ്. ടെലിവിഷന്‍ സീരിയല്‍ ആരാധികയായ ബഹ്‌റൈനിലെ(Bahrain) ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ടര്‍ക്കിഷ് സീരിയലുകളിലെ നായക കഥാപാത്രങ്ങളെപ്പോലെയുള്ള ഭംഗിയോ അവരുടെ പെരുമാറ്റ രീതി അനുകരിക്കാനോ തന്റെ ഭര്‍ത്താവിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനത്തിനൊരുങ്ങുന്നത്. 

ടര്‍ക്കിഷ് സീരിയലുകളോടുള്ള അമിതമായ ഭ്രമം മൂലം തന്റെ അഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതമാണ് യുവതി അവസാനിപ്പിക്കാനൊരുങ്ങുന്നതെന്ന് അഭിഭാഷകനായ താഖി ഹുസൈന്‍ പറഞ്ഞു. ഭര്‍ത്താവ് റൊമാന്റിക് അല്ലെന്ന വിചാരം ഈ സ്ത്രീയില്‍ കടന്നുകൂടി. ടര്‍ക്കിഷ് സീരിയലുകളിലെ അഭിനേതാക്കളെപ്പോലെ ഭംഗിയോ ആകാര വടിവോ ഭര്‍ത്താവിനില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന ആളാണെന്നും ഹുസൈന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ആഴ്ച മഴ പെയ്യുന്ന സമയത്ത് യുവതി പുറത്തേക്ക് ഇറങ്ങി നനയുകയും ഭര്‍ത്താവിനോട് മഴയത്ത് ഇറങ്ങി തന്റെ മുഖത്ത് ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ഇത് നിരസിച്ചു. ഇതില്‍ പ്രകോപിതയായ യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നെന്ന് 'ന്യൂസ് ഓഫ് ബഹ്‌റൈന്‍' റിപ്പോര്‍ട്ട് ചെയ്തു.