താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് കമ്പനിയില്‍ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചെന്നും എന്നാല്‍ തന്റെ അവസ്ഥയും ആവശ്യമായ രേഖകളും ഹാജരാക്കിയ ശേഷം മീറ്റിങ് നീട്ടിവെക്കണമെന്ന് അപേക്ഷിച്ചിരുന്നതായും അവര്‍ പറയുന്നു. പക്ഷേ കമ്പനി അപേക്ഷ നിരസിച്ചു.

അബുദാബി: യുഎഇയില്‍ ജോലി സമ്മര്‍ദ്ദം കാരണം ഗര്‍ഭം അലസിപ്പോയെന്ന് ചൂണ്ടിക്കാട്ടി മുന്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി യുവതി. 10 ലക്ഷം ദിര്‍ഹം (2 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് ഫയല്‍ ചെയ്തു.

ലീവ് അലവന്‍സ് 180,000 ദിര്‍ഹം, ബോണസ് 694,000 ദിര്‍ഹം, ഒമ്പത് വര്‍ഷത്തെ കെട്ടിട വാടകയുടെ കമ്മീഷന്‍, ഓരോ വര്‍ഷത്തെ ലീസിനും 500,000 ദിര്‍ഹം എന്നിവ കമ്പനി തനിക്ക് നല്‍കണമെന്ന് യുവതി പറഞ്ഞു. നേരത്തെ വിരമിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും അറബ് യുവതി നല്‍കിയ തൊഴില്‍സംബന്ധമായ കേസില്‍ വ്യക്തമാക്കുന്നു. കമ്പനിയില്‍ 20 വര്‍ഷത്തോളം ജോലി ചെയ്ത തനിക്ക് 77,000 ദിര്‍ഹം പ്രതിമാസ ശമ്പളം ഉണ്ടായിരുന്നെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് കമ്പനിയില്‍ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചെന്നും എന്നാല്‍ തന്റെ അവസ്ഥയും ആവശ്യമായ രേഖകളും ഹാജരാക്കിയ ശേഷം മീറ്റിങ് നീട്ടിവെക്കണമെന്ന് അപേക്ഷിച്ചിരുന്നതായും അവര്‍ പറയുന്നു. പക്ഷേ കമ്പനി അപേക്ഷ നിരസിച്ചു. വളരെയേറെ മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്ന സമയമാണതെന്നും അത് മൂലം ഗര്‍ഭം അലസിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി, അറബ് യുവതിക്ക് നല്‍കാനുള്ള ശമ്പള ഇനത്തില്‍ 324,000 ദിര്‍ഹവും ജോലി അവസാനിച്ചപ്പോള്‍ കൊടുക്കാനുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. മറ്റ് ആവശ്യങ്ങള്‍ കോടതി തള്ളി. എന്നാല്‍ കമ്പനി ഈ വിധിക്കെതിരെ അപ്പീല്‍ പോയി. അബുദാബി അപ്പീല്‍ കോടതി കമ്പനി നല്‍കാനുള്ള തുക 165,000 ദിര്‍ഹമായി കുറച്ചു. മറ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.