നാല് സ്‍ത്രീകളും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും എടിഎം കാര്‍ഡ് കരസ്ഥമാക്കുകയും ചെയ്‍തു. ശേഷം സംഘത്തിലെ ഒരു സ്‍ത്രീ പണമെടുക്കാനായി പുറത്തുപോയി. ഈ സമയവും മറ്റ് മൂന്ന് പേരും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‍തു.

ദുബൈ: മസാജ് പരസ്യം നല്‍കി കബളിപ്പിച്ച് പണം തട്ടുകയും യുവാവിനെ ഉപദ്രവിക്കുകയും ചെയ്‍ത സംഭവത്തില്‍ യുഎഇയില്‍ വിദേശ വനിതയ്‍ക്ക് ശിക്ഷ. ഏഷ്യക്കാരനായ ഒരു പ്രവാസിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തത്. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി ഇവര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്‍റ്റംബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. നാല് ആഫ്രിക്കന്‍ യുവതികള്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് പ്രവാസി, പൊലീസിനെ സമീപിച്ചത്. സംഘത്തിലൊരാളാണ് മസാജ് വാഗ്ദാനം ചെയ്‍ത് യുവാവുമായി സംസാരിച്ചത്. ഇവര്‍ നിര്‍ദേശിച്ചതനുസരിച്ച് കൃത്യ സമയത്തുതന്നെ യുവാവ് പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി. എന്നാല്‍ ഒരു ആഫ്രിക്കന്‍ വനിത ഇയാളെ പിടിച്ചുവലിച്ച് അപ്പാര്‍ട്ട്മെന്റിനുള്ളിലേക്ക് കയറ്റുകയായിരുന്നു. അവിടെ മൂന്ന് സ്‍ത്രീകള്‍ കൂടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

നാല് സ്‍ത്രീകളും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും എടിഎം കാര്‍ഡ് കരസ്ഥമാക്കുകയും ചെയ്‍തു. ശേഷം സംഘത്തിലെ ഒരു സ്‍ത്രീ പണമെടുക്കാനായി പുറത്തുപോയി. ഈ സമയവും മറ്റ് മൂന്ന് പേരും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‍തു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്. പൊലീസില്‍ വിവരമറിയിച്ചാല്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. യുവാവിന്റെ പരാതി പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു. 

ആഫ്രിക്കക്കാരനായ ഒരാളുടെ പേരിലാണ് അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്തതെന്ന് കണ്ടെത്തിയെങ്കിലും സംഭവ സമയത്ത് ഇയാള്‍ യുഎഇയില്‍ ഉണ്ടായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിനെ മര്‍ദിച്ച സംഘത്തിലൊരാള്‍ മറ്റൊരു എമിറേറ്റില്‍ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവരെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഒരു യൂറോപ്യന്‍ വനിതയുടെ ചിത്രം ഉപയോഗിച്ചാണ് ഇവര്‍ യുവാക്കളെ കെണിയില്‍ വീഴ്‍ത്തിയിരുന്നതെന്നും പൊലീസിനോട് പറഞ്ഞു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.