Asianet News MalayalamAsianet News Malayalam

Gulf News : ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 21കാരിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

തര്‍ക്കങ്ങള്‍ കാരണം ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 21 വയസുകാരിക്ക്  അജ്‍മാന്‍ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

Woman jailed for attempting to murder mother in law in UAE
Author
Ajman - United Arab Emirates, First Published Dec 17, 2021, 3:13 PM IST

അജ്‍മാന്‍: ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച (Murder attempt) 21 വയസുകാരിക്ക് അജ്‍മാന്‍ കോടതി (Ajman Court) ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടകടത്തണമെന്നും (Deporting from UAE) കോടതി ഉത്തരവിട്ടു. മനഃപൂര്‍വമായ കൊലപാതക ശ്രമമാണ് പ്രതി നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ നാല് തവണ യുവതി കുത്തിയെന്ന് കേസ് രേഖകള്‍ പറയുന്നു. ബഹളം കേട്ട് ഭര്‍ത്താവ് ഓടിയെത്തിയാണ് യുവതിയെ പിടിച്ചുമാറ്റിയ ശേഷം അമ്മയെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.  ഇരുവരും തമ്മിലുണ്ടായിരുന്ന ചില തര്‍ക്കങ്ങള്‍ കാരണം ഭര്‍ത്താവിന്റെ അമ്മയെ കൊല്ലാന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മകനും മരുമകള്‍ക്കും ഒപ്പം അജ്‍മാനിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു അമ്മയും കഴിഞ്ഞിരുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും അതിനായി കത്തി തയ്യാറാക്കി വെയ്‍ക്കുകയും ചെയ്‍ത ശേഷം അമ്മ ഉറങ്ങുന്നതുവരെ യുവതി കാത്തിരുന്നു. ശേഷം ശരീരത്തില്‍ പല ഭാഗത്തായി നാല് തവണ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മകനാണ് അമ്മയുടെ ജീവന്‍ രക്ഷിച്ചത്.

മുറിയില്‍ ഉറങ്ങുകയായിരുന്ന താന്‍ അമ്മയുടെ നിലവിളി കേട്ടാണ് ഉണര്‍ന്ന് ഓടിയെത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് മൊഴി നല്‍കി. രക്തം വാര്‍ന്ന നിലയിലാണ് അമ്മയെ കണ്ടത്. ഭാര്യ അമ്മയെ വീണ്ടും വീണ്ടും കുത്തിയ ശേഷം ബോധരഹിതയായി തന്റെ ശരീരത്തിലേക്ക് വീണു. ഭാര്യയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ആംബുലന്‍സിനെയും പൊലീസിനെയും വിവരമറിയിച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വിചാരണയ്‍ക്കിടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios