Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലെ കമന്റ് പാരയായി; യുഎഇയില്‍ പ്രവാസി വനിതയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചു

ഫേസ്ബുക്കില്‍ മറ്റൊരാളുടെ ചിത്രത്തിന് ചുവടെ അപമാനകരമായ കമന്റ് പോസ്റ്റ് ചെയ്ത യുവതിക്ക് മൂന്ന് മാസം തടവ് ശിക്ഷ. സുഹൃത്തിന്റെ ചിത്രം ഇഷ്ടപ്പെടാതെ വന്നതോടെയായിരുന്നു മോശം കമന്റ്.

Woman punished for insulting friend on Facebook
Author
Fujairah - United Arab Emirates, First Published Sep 26, 2019, 6:32 PM IST

ഫുജൈറ: ഫേസ്‍ബുക്കില്‍ മറ്റൊരു യുവതിയുടെ ചിത്രത്തിന് ചുവടെ പോസ്റ്റ് ചെയ്ത മോശം കമന്റിന്റെ പേരില്‍ പ്രവാസി വനിത ജയിലിലായി. ഒരുമിച്ച് ജോലി ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയുടെ ഫോട്ടോയ്ക്കാണ് യുവതി കമന്റ് ചെയ്തത്. ഇത് തന്നെ അപമാനിക്കുന്നതാണെന്നാരോപിച്ച് ചിത്രം പോസ്റ്റ് ചെയ്ത സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞദിവസം കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു.

പരാതിക്കാരിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇഷ്ടപ്പെടാതെ വന്നതോടെയാണ് പരാതിക്കാധാരമായ കമന്റ് ചെയ്തത്. ചിത്രം മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നും പിന്‍വലിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ വന്നതോടെ മോശം വാക്കുകള്‍ ഉപയോഗിച്ച് കമന്റ് ചെയ്തു. കമന്റിലെ ചില വാക്കുകള്‍ തന്നെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഫുജൈറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്, യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം കുറ്റം ചുമത്തി കേസ് പ്രോസിക്യൂഷന് കൈമാറി.

യുവതി പ്രോസിക്യൂഷന് മുന്നിലും കോടതിയിലും കുറ്റം സമ്മതിച്ചു. ചിത്രം കണ്ടപ്പോള്‍ തനിക്ക് അത്രയധികം അസ്വസ്ഥതയുണ്ടായെന്നും, തനിക്ക് പരാതിക്കാരിയുടെ രക്ഷിതാക്കളെ പരിചയമുള്ളതിനാല്‍ അവര്‍ക്കും ആ ചിത്രം ഇഷ്ടപ്പെടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.  എന്നാല്‍ എത്ര മുതിര്‍ന്നയാളാണെങ്കിലും തന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട കാര്യം പ്രതിക്കില്ലെന്നായിരുന്നു പരാതിക്കാരിയുടെ പക്ഷം. തനിക്ക് സ്വന്തമായ തീരുമാനങ്ങളും അവകാശങ്ങളെക്കുറിച്ച ബോധ്യവുമുണ്ട്. മറ്റൊരാള്‍ക്ക് ശല്യമാവാത്ത വിധത്തില്‍ ഫേസ്‍ബുക്കില്‍ എന്തും പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി അപമാനിച്ച കുറ്റത്തിന് കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios