Asianet News MalayalamAsianet News Malayalam

ക്യാന്‍സര്‍ കണ്ടെത്താന്‍ വൈകി; ആശുപത്രിയില്‍ നിന്ന് മൂന്ന് കോടി നഷ്‍ടപരിഹാരം തേടി മരണപ്പെട്ട രോഗിയുടെ ഭാര്യ

അബുദാബി സിവില്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് താനും 10 വയസില്‍ താഴെ മാത്രം പ്രായമുള്ള തന്റെ മക്കളും മാനസികമായും സാമ്പത്തികമായും പ്രയാസപ്പെടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Woman sues hospital and for 3 crores after husband dies due to medical error
Author
Abu Dhabi - United Arab Emirates, First Published Oct 13, 2021, 12:49 PM IST

അബുദാബി: 60 വയസുകാരന്റെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ഭാര്യ. അബുദാബിയിലാണ് സംഭവം. തന്റെ ഭര്‍ത്താവിനെ ചികിത്സിച്ച ആശുപത്രി അധികൃതരും ഡോക്ടറും കുറ്റക്കാരാണെന്നും ഇവര്‍ തനിക്ക് 15 ലക്ഷം ദിര്‍ഹം (മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ്.

അബുദാബി സിവില്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് താനും 10 വയസില്‍ താഴെ മാത്രം പ്രായമുള്ള തന്റെ മക്കളും മാനസികമായും സാമ്പത്തികമായും പ്രയാസപ്പെടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ താന്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണെന്നും പരാതിയിലുണ്ട്.

മൂത്രം പോകാന്‍ ട്യൂബ് ഇട്ടതിന് ശേഷവും മൂത്ര തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 60 വയസുകാരനെ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചത്. രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ ബാധിതനാണ് രോഗിയെന്ന് സംശയിച്ചതിനെ തുടര്‍ന്ന് പിന്നീട് ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിലേക്ക് റഫര്‍ ചെയ്‍തു. വിശദമായ പരിശോധനയില്‍ 14 സെ.മി വ്യാസമുള്ള മുഴ കണ്ടെത്തുകയായിരുന്നു. രോഗിക്ക് വേദന കഠിനമായതോടെ പാലിയേറ്റീവ് കീമോ തെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. 

തന്റെ ഭര്‍ത്താവിന് മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ചികിത്സ ലഭിച്ചില്ലെന്ന് ഭാര്യ പരാതിപ്പെടുന്നു. രോഗിയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ എന്‍ഡോസ്‍കോപി പരിശോധന നടത്തിയെങ്കിലും മുഴ കണ്ടെത്തിയില്ല. അക്കാര്യം മെഡിക്കല്‍ രേഖകളില്‍ എവിടെയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുമില്ല. ശരിയായ രോഗനിര്‍ണയം സാധ്യമാവാത്തതിനാല്‍ തന്റെ ഭര്‍ത്താവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.

മുഴ കണ്ടെത്താന്‍ വൈകിയത് കാരണം അതിനുള്ള ചികിത്സ നല്‍കാന്‍ ഏഴ് മാസം താമസിച്ചു. ഇത് ക്യാന്‍സര്‍ വ്യാപിക്കാനും രോഗിയുടെ നില മോശമാവാനും കാരണമായി. ഇതാണ് അവസാനം മരണത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേസ് വിധി പറയാനായി കോടതി മാറ്റിവെച്ചു. 

Follow Us:
Download App:
  • android
  • ios