Asianet News MalayalamAsianet News Malayalam

മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ 24കാരി ഗുരുതരാവസ്ഥയില്‍

ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരുടെ ഗുരുതര പിഴവുകളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഈ കേന്ദ്രത്തില്‍ എല്ലാ ശസ്ത്രക്രിയകളും വിലക്കി. 

women slips into coma after cosmetic surgery
Author
Dubai - United Arab Emirates, First Published May 9, 2019, 4:40 PM IST

ദുബായ്: സൗന്ദര്യവര്‍ദ്ധക ശസ്ത്രിക്രിയക്ക് വിധേയയായ യുവതി 'കോമ'യിലായെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി സ്ഥിരീകരിച്ചു. 24കാരിയായ സ്വദേശിക്കാണ് ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനവും മസ്തിഷ്കാഘാതവുമുണ്ടായത്. അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് 16 ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല.

ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരുടെ ഗുരുതര പിഴവുകളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഈ കേന്ദ്രത്തില്‍ എല്ലാ ശസ്ത്രക്രിയകളും വിലക്കി. കോമയിലായ യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഇഎന്‍ടി സ്പെഷ്യലിസ്റ്റും അനസ്തേഷ്യ വിദഗ്ധനും രോഗികളെ പരിശോധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി, ഹെല്‍ത്ത് റെഗുലേഷന്‍ സെക്ടര്‍ സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ല അറിയിച്ചു.

മൂക്കിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്കാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയക്കിടെ രക്തസമ്മര്‍ദം അപകടകരമാംവിധം താഴ്ന്നു. രക്തചംക്രമണത്തിന്റെ വേഗത കുറഞ്ഞതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറഞ്ഞു. ഏതാനും മിനിറ്റുകളോളം യുവതിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെയാണ് കോമ അവസ്ഥയിലേക്ക് പോയത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിഎച്ച്എ പ്രത്യേക സംഘത്തിന് രൂപം നല്‍കി. യുവതിക്ക് നേരത്തെ ഹൃദയസംബന്ധമായ ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. രണ്ട് ഡോക്ടര്‍മാരുടെ ഭാഗത്തും ഗുരുതരമായ വീഴ്ചയുണ്ടായി. ശസ്ത്രക്രിയക്ക് മുന്‍പ് നടത്തേണ്ട പരിശോധനകള്‍ നടത്തുകയോ നടപടികള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതിന് പുറമെ രോഗിയുടെ വിവരങ്ങള്‍ അനസ്തേഷ്യാ വിദഗ്ദന്‍ ശരിയായി രേഖപ്പെടുത്തിയതുമില്ല. അനസ്തേഷ്യ ഫയല്‍ അപൂര്‍ണമായിരുന്നെന്ന് പരിശോധന നടത്തിയ സംഘം കണ്ടെത്തിയിട്ടുണ്ട്.

അനസ്തേഷ്യ നല്‍കിയ രോഗിയുടെ ഓരോ സമയത്തെയും ശാരീരിക അവസ്ഥകള്‍ രേഖപ്പെടുത്താത്തിന് പുറമെ രക്തസമ്മര്‍ദ്ദം കുറഞ്ഞപ്പോഴും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോഴുമുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. അനസ്തേഷ്യ നല്‍കിയ സമയം പോലും ഫയലില്‍ എഴുതിയിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ശസ്ത്രക്രിയക്കിടെ രോഗിയുടെ അവസ്ഥ മോശമാവാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരായ ചികിത്സ നല്‍കുന്നതിനും വേണ്ടത്ര രേഖകളില്ലാലത്തത് തടസമായി. രോഗിയെ വേറെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും രേഖകളൊന്നും ഉണ്ടായിരുന്നില്ല.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിഎച്ച്എ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios