ജിദ്ദ: സൗദിയിലെ ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പൊലീസ് പിടികൂടി. ബുറൈദ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ആശുപത്രിയിലായിരുന്നു സംഭവം. പ്രസവത്തിന് ശേഷം അമ്മയെ കിടത്തിയിരുന്ന മുറിയില്‍ നിന്ന് ബന്ധുക്കളുടെ ശ്രദ്ധ തെറ്റിയ സമയത്തായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയില്‍ അധികൃതര്‍ പിങ്ക് അലര്‍ട്ട് പ്രഖ്യാപിച്ചു. അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് സ്ത്രീയെ കണ്ടെത്തിയത്. ഇവര്‍ ബുറൈദ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കുട്ടിയെ കാണാതായത് നഴ്‍സിങ് റൂമില്‍ നിന്നല്ലെന്ന് ബുറൈദ ആരോഗ്യവിഭാഗം അറിയിച്ചു.