കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശക്തമായി താപനില ഉയർന്നതോടെ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ സർക്കാർ മാറ്റം വരുത്തി. പുലർച്ച മൂന്ന് മുതൽ ഉച്ചയ്ക്ക് പതിനൊന്ന് വരെയാണ് പുതുക്കിയ സമയക്രമം. 

ലോകത്ത് സമീപകാലത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് രണ്ട് രാജ്യങ്ങളിൽ ഒന്ന് കുവൈത്താണ്. 2016 ജൂലൈ 21 ന് കുവൈറ്റിലെ മിത്രിബയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അന്ന് 53 ദശാംശം 9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് മിത്രിബയില്‍ രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനിലയും കുവൈത്തിലാണ്. ഇവിടെ 52 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

വരും ദിവസങ്ങളിൽ താപനില 60 ഡിഗ്രി സെൽഷ്സിന് മുകളിൽ പോകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇതോടെയാണ് ശുചീകരണ തൊഴിലാളികളുടെ സമയക്രമത്തിലും കുവൈത്ത് സർക്കാർ മാറ്റം വരുത്തിയത്. പുലർച്ച 3 മണി മുതൽ ഉച്ചയ്ക്ക് 11 വരെയാണ് പുതിയ സമയക്രമം. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന പുറംജോലിക്കാരുടെ സമയം നേരത്തെ ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് 5 വരെ കുവൈത്ത് സർക്കാർ നിരോധിച്ചിരുന്നു.കൂടാതെ താപനില ഉയരുന്ന ഓഗസ്റ്റ് വരെ പുറംജോലിക്കാരുടെ സമയം വൈകിട്ട് 5 മുതലാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ ആവശ്യവും ഉയർന്നിരുന്നു.