ദോഹ: ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിനുള്ള സംവിധാനമുണ്ടാക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കി എംബസിയുടെ അറിയിപ്പുകള്‍ വരുന്നതുവരെ കാത്തിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം പ്രത്യേക അനുമതി ലഭിച്ച പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാനാവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അറിയിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സാധാരണ വിമാന സര്‍വീസുകളില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുമടക്കം തിരികെ വരാനുള്ള പ്രത്യേക അനുമതി ലഭിച്ചവര്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് മടങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ മടങ്ങിവരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഖത്തര്‍ സ്വീകരിക്കുന്നുണ്ട്.