റിയാദ്​: സൗദി അറേബ്യയിൽ ഹൈപ്പർലൂപ്പ്​ ട്രെയിൻ വരുന്നു. ബുള്ളറ്റ്​ വേഗത്തിൽ പാഞ്ഞുപോകുന്ന ട്രെയിൻ ആയിരം​ കിലോമീറ്ററിനെ മുക്കാൽ മണിക്കൂർ നേരത്തിലൊതുക്കും. രാജ്യത്തെ ചരക്ക്​, യാത്രാ രംഗത്ത്​ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കുന്ന അതിവേഗ ട്രെയിൻ പദ്ധതി നടപ്പാക്കാൻ​ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിനെ കുറിച്ച് പഠനം നടത്താനും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയുമായി ഗതാഗത മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു.

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ്പ് ട്രാക്ക് നിർമിച്ച്​ അതിലൂടെ ട്രെയിൻ ഓടിക്കുന്നതാണ് പദ്ധതി. ഇതിനായി വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ലോകത്തെ പ്രമുഖ ഹൈപ്പര്‍ലൂപ്പ് കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണുമായാണ് ഇതിനായി കൈകോർക്കുന്നത്​. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 46 മിനുട്ടിനുള്ളില്‍ റിയാദില്‍ നിന്ന് ജിദ്ദയിലേക്കും 40 മിനുട്ടിനകം ജിദ്ദയില്‍ നിന്ന് നിയോമിലേക്കും 28 മിനുട്ടിനുള്ളില്‍ റിയാദില്‍ നിന്ന് ദമ്മാമിലേക്കും ജുബൈലിലേക്കും യാത്ര ചെയ്യാനാകും. കൂടാതെ കൂടാതെ റിയാദില്‍ നിന്ന് 48 മിനുട്ടിനകം അബൂദബിയിലെത്തും വിധമുള്ള രാജ്യാന്തര ട്രാക്കും പദ്ധതിയിലുണ്ട്.