Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ സ്വയം സന്നദ്ധയായ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ജൂലൈ എട്ടിനാണ് അഡെലിന് ജോലിക്കിടെ ശരീരത്തിന് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചു.

young doctor died in Houston due to covid 19
Author
Houston, First Published Sep 21, 2020, 3:49 PM IST

ഹൂസ്റ്റണ്‍: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് സ്വയം സന്നദ്ധയായ യുവ ഡോക്ടര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 28കാരിയായ അഡെലിന്‍ ഫാഗനാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ മരണപ്പെട്ടത്. 

ശനിയാഴ്ച ഹൂസ്റ്റണിലാണ് ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗൈനക്കോളജിയില്‍ രണ്ടാം വര്‍ഷ റെസിഡന്‍സി ചെയ്യുകയായിരുന്ന ഡോക്ടറുടെ പ്രധാന കര്‍ത്തവ്യം കുട്ടികളെ ശുശ്രൂഷിക്കുന്നതായിരുന്നു. എന്നാല്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍ ഫാഗന്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 

ജൂലൈ എട്ടിനാണ് അഡെലിന് ജോലിക്കിടെ ശരീരത്തിന് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചു. ഇതോടെ ഡോക്ടറെ വെന്റിലേറ്ററിലേക്ക് മാറ്റി. ആറ് ആഴ്ചകള്‍ വെന്റിലേറ്ററില്‍ തുടര്‍ന്നു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം പരിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ചെറുപ്പകാലം മുതല്‍ ഡോക്ടറാകാനാണ് മകള്‍ അതിയായി ആഗ്രഹിച്ചതെന്ന് ഫാഗന്‍റെ പിതാവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഡോക്ടര്‍ ഫാഗന്‍ ഹൂസ്റ്റണിലേക്ക് താമസം മാറുന്നത്. 

Follow Us:
Download App:
  • android
  • ios