പ്രവാസികളില്‍ പലര്‍ക്കും അവരുടെ തൊഴില്‍ മാറ്റം ബാങ്ക് അക്കൗണ്ടുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വലിയ ധാരണയില്ലെന്നും ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

അബുദാബി: യുഎഇയില്‍ പല കാരണങ്ങഴള്‍ കൊണ്ട് പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടേക്കാം. വാഹനം ഓടിച്ച് അപകടമുണ്ടാക്കുക, തൊഴിലുടമയ്ക്ക് നഷ്ടം വരുത്തിവെയ്ക്കുക എന്നിവയ്ക്ക് പുറവെ വിസ കാലാവധി കഴിയുന്നതും വിസ മാറുന്നതും ഏറ്റവുമധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാതാവുന്നതിന് കാരണമാണ്. എന്നാല്‍ പ്രവാസികളില്‍ പലര്‍ക്കും അവരുടെ തൊഴില്‍ മാറ്റം ബാങ്ക് അക്കൗണ്ടുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വലിയ ധാരണയില്ലെന്നും ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

യുഎഇയില്‍ ഒരാള്‍ക്ക് ജോലി മാറുകയോ, ജോലിയില്‍ നിന്ന് രാജിവെയ്ക്കുകയോ, അല്ലെങ്കില്‍ പിരിച്ചുവിടപ്പെടുകയോ ചെയ്താല്‍ അതിനൊപ്പം ബാങ്ക് അക്കൗണ്ടുകള്‍ മരവിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ് സംശയമെങ്കില്‍, നിങ്ങള്‍ ജോലി അവസാനിപ്പിക്കുമ്പോള്‍ കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും ബാക്കിയുള്ള ശമ്പളവും ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയ ശേഷം, ഇതോടെ ഈ അക്കൗണ്ടിലേക്ക് ശമ്പളം നല്‍കുന്നത് അവസാനിപ്പിക്കുന്നു എന്നുള്ള വിവരം കൂടി കമ്പനികള്‍ ബാങ്കിനെ അറിയിക്കും. ഇത്തരമൊരു അറിയിപ്പ് ലഭിക്കുന്നതോടെ വായ്പകളോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ അടക്കമുള്ള എന്തെങ്കിലും ബാധ്യതകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ടോ എന്ന് ബാങ്ക് പരിശോധിക്കും. ഉണ്ടെങ്കില്‍ അക്കാരണത്താല്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടേക്കാം.

ഇത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ നിങ്ങള്‍ ജോലി അവസാനിപ്പിക്കുകയോ ജോലി മാറുകയോ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യം ബാങ്കിനെ അറിയിക്കണം. നിങ്ങള്‍ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുകയാണോ, ജോലി മാറുന്നതിനായി നാട്ടില്‍ പോയി മറ്റൊരു വിസയില്‍ മടങ്ങിവരുമോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ബാങ്കിനെ അറിയിക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. അല്ലെങ്കില്‍ അക്കൗണ്ടിലെ പണം ആവശ്യത്തിന് എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.