റിയാദ്: സൗദി അറേബ്യയില്‍ അധികൃതരെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കാനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും മറ്റുമുള്ള ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സ്വദേശി യുവാവാണ് അറസ്റ്റിലായത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് ലഫ്. കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജരി അറിയിച്ചു.

അതേസമയം കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടാകും. 21 ദിവസം കർഫ്യൂ തുടരും. കര്‍ഫ്യൂ നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കും. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത് സ്വദേശികളുടെയും പ്രവാസികളുടേയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാവരുതെന്നും സല്‍മാന്‍ രജാവിന്റെ ഉത്തരവില്‍ പറയുന്നു.