മസ്‌കറ്റ്: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിച്ച പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ യുവാവിന് മാപ്പില്ലെന്ന് സോഷ്യല്‍ മീഡിയ. നാപ്കിന്‍ എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുടെ താഴെ 'കുറച്ച് കോണ്ടം കൂടി ആയാലോ' എന്നായിരുന്നു കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍.സി.പുത്തലത്ത് ചോദിച്ചത്. 

കമന്റ് വൈറലായതോടെ യുവാവ് വെട്ടിലാവുകയായിരുന്നു. തുടര്‍ന്ന് വീഡിയോയിലൂടെ മാപ്പ് തേടിയെങ്കിലും മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആകെയുള്ള അഭിപ്രായം. ദുരിതത്തില്‍ വലയുന്ന ജനതയോട് ഇത്തരത്തില്‍ പെരുമാറിയ ഒരാള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നാണ് മിക്കവരുടേയും പ്രതികരണം. 

അതേസമയം സംഭവമറിഞ്ഞയുടന്‍ തന്നെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ഒമാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അറിയിച്ചു. 

താന്‍ ചെയ്തത് ഇത്രയും വലിയൊരു തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നും, സ്വബോധത്തോടെ ആയിരുന്നില്ല മദ്യലഹരിയിലായിരുന്നു ആ കമന്റ് ഇട്ടതെന്നുമായിരുന്നു യുവാവ് വിശദീകരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ മാപ്പപേക്ഷ തള്ളിക്കളയുകയായിരുന്നു.